child healthHealthMental HealthUncategorized

കുട്ടികളിലെ ആത്മഹത്യാ പ്രവണത എഴുതിയത് : ഡോ ദീപ ജനാർദ്ദനൻ, ശിശു രോഗ വിദഗ്ധ കൊച്ചി

കുട്ടികളിലെ ആത്മഹത്യാ പ്രവണത 


ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി അവിടുത്തെ കുട്ടികളാണ്. നാളത്തെ ഡോക്ടർമാരും എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും മന്ത്രിമാരുമെല്ലാം ഇന്നത്തെ കുട്ടികളാണ്. ആധുനികയുഗത്തിലെ കുട്ടികൾ പ്രതിഭാസമ്പന്നരും വിവരസാങ്കേതിക വിദ്യകളിൽ പ്രാവീണ്യമുള്ളവരുമാണ്. എന്നാൽ നമ്മുടെ കുട്ടികളിൽ പലരും കടുത്ത സാമൂഹികവും മാനസികവും വൈകാരികവുമായ വെല്ലുവിളികളെ ആരോഗ്യകരമായി നേരിടാനാവാതെ തളർന്നു പോവുന്നു. ഇന്ത്യയിൽ കേരളമാണ് കുട്ടികളുടെ ആത്മഹത്യാ നിരക്കിൽ അഞ്ചാമത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂലൈ മാസം വരെ നമ്മുടെ കൊച്ചു കേരളത്തിൽ 158 കുട്ടികളാണ് സ്വയം ജീവനെടുത്തത്. അവരിൽ 50 കുട്ടികൾ പഠനത്തിൽ മികച്ചവരായിരുന്നു. ഒരാൾ രാഷ്ട്രപതിയുടെ അവാർഡ് നേടിയിരുന്നു, മറ്റൊരാൾ ക്ലാസ് ലീഡറായിരുന്നു, ഇനി മറ്റൊരാൾ സ്റ്റുഡൻറ് പോലീസ് കേഡറ്റായിരുന്നു. ഇതെല്ലാം കാണിക്കുന്നത് കുട്ടികളിലെ ആത്മഹത്യാ പ്രവണതകൾ നമ്മൾ തിരിച്ചറിയാൻ വൈകുന്നു എന്നാണ്. വിലപ്പെട്ട ജീവനുകൾ അകാലത്തിൽ പൊലിഞ്ഞു പോകാതിരിക്കാൻ നാം എന്തൊക്കെയാണ് ചെയ്യേണ്ടത്. 


ആദ്യമായി കുട്ടികൾ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും ആത്മഹത്യക്ക് പ്രേരകങ്ങളായ ഘടകങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് അറിഞ്ഞിരിക്കാം. പിന്നെ ആത്മഹത്യയെക്കുറിച്ചുള്ള മിഥ്യാധാരണകളും യാഥാർത്ഥ്യങ്ങളും നമുക്ക് ചർച്ച ചെയ്യാം. അതിനു ശേഷം കുട്ടികളിലെ ആത്മഹത്യ എങ്ങനെ തടയാമെന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 


എന്തുകൊണ്ടാണ് കൗമാരക്കാരിൽ ആത്മഹത്യാ പ്രവണത കൂടുന്നത് എന്ന് നമുക്ക് നോക്കാം. കൗമാരപ്രായം ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങൾ വരുന്ന കാലമാണ്. ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും വരുമ്പോൾ അതിനെ തരണം ചെയ്യുവാൻ കുട്ടികൾക്ക് പലപ്പോഴും കഴിയുന്നില്ല. അങ്ങനെയുള്ള ഘട്ടങ്ങളിൽ രക്ഷിതാക്കളുടെയോ വിദഗ്ധരുടെയോ സഹായം സ്വീകരിക്കുവാൻ കുട്ടികൾ പലപ്പോഴും വിമുഖത കാണിക്കുന്നു. ഇനി കുട്ടികൾ സ്വയം ജീവിതമവസാനിപ്പിക്കാനുള്ള കാരണം എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. 


രക്ഷിതാക്കളുടെ ശകാരം, പ്രണയ നൈരാശ്യം, കുടുംബ വഴക്ക്, മാനസികാരോഗ്യ പ്രശ്നങ്ങൾ, മൊബൈൽ ഗെയ്മിംഗ് അഥവാ ഇന്റർനെറ്റ് അഡിക്ഷൻ, പരീക്ഷാ പേടി അഥവാ പരാജയങ്ങൾ, സഹോദരങ്ങളുമായുള്ള വഴക്ക്, ശാരീരികവും മാനസികവും ലൈംഗികവുമായുള്ള പീഡനങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് കഴിഞ്ഞ വർഷം കേരളത്തിലെ കുട്ടികൾ ആത്മഹത്യ ചെയ്യാനുണ്ടായ പ്രധാന കാരണങ്ങൾ. ഇതു കൂടാതെ ലഹരി ഉപയോഗങ്ങൾ, ആത്മവിശ്വാസക്കുറവ്, സോഷ്യൽ മീഡിയ വഴിയുള്ള കളിയാക്കലുകൾ, ചൂഷണങ്ങൾ, ശാരീരികമായ രോഗങ്ങൾ, ശിക്ഷണ നടപടികൾ, ഗാർഹിക പീഡനങ്ങൾ, മുതിർന്നവരുടെയും സഹപാഠികളുടെയും കളിയാക്കലുകൾ, കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം, കൗമാരക്കാരുടെ ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ആരോഗ്യ പ്രവർത്തകരുടെ കുറവ്, ചികിത്സാ ചെലവു വഹിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട്, ഇവയെല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നു.
കുട്ടികളുടെ ആത്മഹത്യക്ക് മുന്നോടിയായുള്ള റിസ്ക് ഫാക്ടേഴ്സ് അഥവാ ആത്മഹത്യക്ക് പ്രേരകമായ ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മാനസിക രോഗങ്ങൾ, ലഹരി ഉപയോഗം, ആത്മഹത്യാശ്രമം, സ്വയം മുറിവേൽപ്പിക്കൽ, കുടുംബ വഴക്കുകൾ, കുടുംബത്തിലെ ലഹരി ഉപയോഗം, ഉറ്റവരുടെ മരണം, ആത്മഹത്യ, അമിതമായ പ്രതീക്ഷകൾ, സ്കൂളിലെ പ്രശ്നങ്ങൾ, ലൈംഗികവും ശാരീരികവുമായുള്ള പീഡനം, മാധ്യമങ്ങളുടെ സ്വാധീനം, സമൂഹ മാധ്യമങ്ങളിലെ കളിയാക്കലുകൾ, ഒറ്റപ്പെടുത്തലുകൾ, ഭീഷണികൾ തുടങ്ങിയവ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടാം. 


സമൂഹത്തിൽ ആത്മഹത്യയെക്കുറിച്ച് കുറിച്ച് മിഥ്യാധാരണകൾ നിലവിലുണ്ട്. അവ എന്തൊക്കെയാണെന്നും അവയുടെ യാഥാർത്ഥ്യം എന്താണെന്നും നമുക്ക് നോക്കാം. ഒന്നാമത്തെ മിഥ്യാധാരണ എന്റെ കുട്ടി സുരക്ഷിതനാണ് എന്നതാണ്. യാഥാർത്ഥ്യം എന്തെന്നാൽ ഏതൊരു കൗമാരക്കാരനും ആത്മഹത്യാ പ്രവണത ഉണ്ടാവാം. രണ്ടാമത്തെ മിഥ്യാധാരണ കൗമാരപ്രായക്കാർ ആത്മഹത്യ ചെയ്യാറില്ല എന്നതാണ്. എന്നാൽ കൗമാരക്കാരുടെ മരണത്തിന്റെ പ്രധാന കാരണം ആത്മഹത്യയാണ്. മൂന്നാമത്തെ മിഥ്യാധാരണ ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ച ആൾ പിന്നീടൊരിക്കലും അതിന് മുതിരില്ല എന്നതാണ്. ഇതിന്റെ യാഥാർത്ഥ്യമെന്തെന്നാൽ ആത്മഹത്യാശ്രമം ആത്മഹത്യക്ക് പ്രേരകമായ വലിയൊരു ഘടകമാണ്. അതു പോലെ ഉറ്റവരുടെ ആത്മഹത്യയും ആത്മഹത്യാ പ്രേരകമാണ്. നാലാമത്തെ മിഥ്യാധാരണ ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നതും ആത്മഹത്യക്ക് പ്രേരിപ്പിക്കും. എന്നാൽ ഇക്കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത് കുട്ടികൾക്ക് ആശ്വാസം പകരും. അഞ്ചാമത്തെ മിഥ്യാധാരണ ശ്രദ്ധയാകർഷിക്കാൻ വേണ്ടിയാണ് എപ്പോഴും മരിക്കണം എന്നു പറയുന്നത് എന്നതാണ്. യാഥാർത്ഥ്യമെന്തെന്നാൽ പലപ്പോഴുമത് ഗത്യന്തരമില്ലാത്തവന്റെ അവസാനത്തെ സഹായാഭ്യർത്ഥന ആവാം. അടുത്ത മിഥ്യാധാരണയാണ് ആത്മഹത്യ തടയാൻ പറ്റില്ല എന്നത്. കൃത്യ സമയത്തുള്ള കൃത്യമായ ഇടപെടലുണ്ടെങ്കിൽ നമുക്ക്  ആത്മഹത്യ തടയാൻ സാധിക്കും.


കുട്ടികളിലെ ആത്മഹത്യ തടയണമെങ്കിൽ ആദ്യം അവരിലെ ആത്മഹത്യാ പ്രവണതയെ നമുക്ക് തിരിച്ചറിയാൻ കഴിയണം. സ്വയം ജീവനൊടുക്കുന്ന അഞ്ചിൽ നാലു കുട്ടികളും ആത്മഹത്യയ്ക്ക് മുമ്പ് ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അവയെന്തെല്ലാമെന്ന് നമുക്ക് പരിശോധിക്കാം. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിൻവലിയൽ, ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധക്കുറവ്, നൈരാശ്യം, നിസ്സഹായത, സ്വയം വെറുക്കുക, പൊടുന്നനെ ഉറ്റവരെയും സുഹൃത്തുക്കളെയും സന്ദർശിക്കുക, യാത്ര പറയുക, ഏറ്റവും പ്രിയപ്പെട്ട സാധനങ്ങൾ പോലും പലർക്കും കൊടുക്കുക, ആത്മഹത്യയെക്കുറിച്ച് സംസാരിക്കുക, ആത്മഹത്യാ മാർഗങ്ങളെക്കുറിച്ച് ഇന്റർനെറ്റിലും മറ്റും തിരയുക, ആത്മഹത്യക്കാവിശ്യമായ സാധനങ്ങൾ ശേഖരിക്കുക, ലഹരി മരുന്നിന്റെ ഉപയോഗം കൂടുക എന്നിവ ആത്മഹത്യക്ക് മുൻപുള്ള ലക്ഷണങ്ങളാണ്.
കുട്ടികൾ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ മാതാപിതാക്കൾ എന്താണ് ചെയ്യേണ്ടത്. കുട്ടികളെ സ്നേഹത്തോടെ അടുത്തിരുത്തി അവർക്ക് പറയാനുള്ളത് മുഴുവൻ ക്ഷമയോടെ ശ്രദ്ധാപൂർവ്വം അവരുടെ വിഷമത്തിന്റെ തീവ്രത ഉൾക്കൊണ്ടു കൊണ്ട് കേൾക്കുക. രക്ഷിതാക്കൾ വെപ്രാളപ്പെടുകയോ അമ്പരപ്പോ ഞെട്ടലോ കാണിക്കുകയും ചെയ്യരുത്. കുട്ടി പറയുന്ന കാര്യങ്ങൾ നിസ്സാരവൽക്കരിക്കരുത്, വെല്ലുവിളിക്കരുത്. ആത്മഹത്യക്ക് ഉപയോഗിക്കാവുന്ന സാധനങ്ങൾ നീക്കം ചെയ്യുക. കുട്ടിയെ തനിച്ചാക്കരുത്. വിദഗ്ധ സഹായം തേടുക. എല്ലാവർക്കും 1098 എന്ന ചൈൽഡ് ഹെല്പ്ലൈൻ നമ്പർ അറിയാമല്ലോ. കൂടാതെ 1056 എന്ന ദിശാ ഹെല്പ് ലൈൻ നമ്പറും 9497900200 എന്ന കേരളാ പോലീസിന്റെ ചിരി ഹെല്പ് ലൈൻ നമ്പറും ഓർത്തു വെയ്ക്കുക. രോഗം വന്ന് ഭേദമാക്കുന്നതിനേക്കാളും രോഗം വരാതെ നോക്കുന്നതാണല്ലോ എപ്പോഴും അഭികാമ്യം. 
ആത്മഹത്യാ പ്രവണത ഇല്ലാതെ എങ്ങനെ കുട്ടികളെ സംരക്ഷിക്കാമെന്ന് നമുക്ക് ഇനി നോക്കാം. പ്രൊട്ടക്ടീവ് ഫാക്ടേഴ്സ് അഥവാ കുട്ടികളെ സംരക്ഷിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്. 
ഒന്നാമതായി മാതാപിതാക്കളുമായുള്ള നല്ല ബന്ധം. എന്ന് വെച്ചാൽ കുട്ടികൾക്ക് പറയാനുള്ളത് കേട്ടിട്ട് തീരുമാനം പറയുന്ന അച്ഛനമ്മമാർ.കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നവർ. കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നവർ. രണ്ടാമതായി കുടുംബത്തിനുള്ളിൽ പരസ്പരമുള്ള സ്നേഹവും അടുപ്പവും. മൂന്നാമതായി സ്കൂളുമായുള്ള നല്ല ബന്ധം. നാലാമതായി കുട്ടികളെ മനസിലാക്കുന്ന പക്ഷപാതം കാണിക്കാത്ത അധ്യാപകർ. അഞ്ചാമതായി നല്ല സുഹൃത്തുക്കൾ. ആറാമതായി കുട്ടികളുടെ ആത്മവിശ്വാസം. ഏഴാമതായി ഈശ്വരവിശ്വാസം. എട്ടാമതായി പാഠ്യേതര വിഷയങ്ങളിലുള്ള താൽപ്പര്യം. ഒമ്പതാമതായി മാനസികമായ ആരോഗ്യം. പത്താമതായി മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത. പതിനൊന്നാമതായി ജീവിത നൈപുണ്യം അഥവാ ലൈഫ് സ്കിൽസ്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, പ്രതികൂലതയെ നേരിടാനുള്ള കഴിവ്, ഇവയെല്ലാം കുട്ടികളെ സംരക്ഷിക്കും. 


പ്രതിസന്ധികളെ ധൈര്യപൂർവം നേരിടുന്ന മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള പൗരന്മാരായി കുട്ടികളെ വളർത്തുവാൻ മാതാപിതാക്കൾ ചെയ്യേണ്ടത് എന്തൊക്കെയാണ്. ഒന്ന് – പെരുമാറ്റങ്ങൾക്ക് പരിധി വെയ്ക്കുക. രണ്ടാമതായി കൃത്യമായ വിശദീകരണം കൊടുത്തുകൊണ്ട് തന്നെ അരുത് എന്ന് പറയുക. മൂന്നാമതായി നല്ല പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക. നാലാമതായി ഉത്തരവാദിത്തങ്ങൾ കൊടുക്കുക. അഞ്ചാമതായി കഴിവുകളെ പ്രോത്സാഹിപ്പിക്കുക. ആറാമതായി യാഥാർത്ഥ്യബോധമുള്ള പ്രതീക്ഷകൾ വെച്ചു പുലർത്തുക. ഏഴാമതായി തോൽവികൾ സംഭവിക്കാം എന്ന് പഠിപ്പിക്കുക. ഒരു തോൽവി ലോകാവസാനമല്ല എന്നും കുട്ടികൾ അറിയണം. എട്ടാമതായി എപ്പോഴും കുറ്റപ്പെടുത്തരുത്. നിരന്തരം ശകാരിക്കരുത്. ഒരുപാട് ഉപദേശങ്ങളും പൊള്ളയായ പ്രശംസയും ഗുണം ചെയ്യില്ല. ഒമ്പതാമതായി സ്വയം ഉത്തമ മാതൃകയാവുക.
 മാതാപിതാക്കളോടൊപ്പം അധ്യാപകരും കുട്ടികളുടെ എസ്.പി.സി, എൻ.എസ്.എസ്.സർവീസ് സ്കീം പോലെയുള്ള സംഘടനകളും എൻ.ജി.ഒകളും ആരോഗ്യ പ്രവർത്തകരും സർക്കാരും ഒന്നിച്ച് കൈകോർത്താൽ മാത്രമേ വിലപ്പെട്ട ജീവനുകൾ നമുക്ക് രക്ഷിക്കാൻ കഴിയൂ. ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നതെങ്ങനമാണെന്നറിയാതെ പകച്ചു നിൽക്കുന്ന കുട്ടികൾക്കായി നമുക്ക് അല്പസമയം മാറ്റിവെക്കാം. അവർ പറയുന്നത് ക്ഷമയോടെ കേൾക്കാം. എങ്കിൽ അമൂല്ല്യമായ ജീവൻ അകാലത്തിൽ പൊലിഞ്ഞു പോവാതെ നാളെത്തെ നാടിന്റെ വെളിച്ചമായി മാറുന്നത് നമുക്ക് കാണാം.


എഴുതിയത് :ഡോ ദീപ ജനാർദ്ദനൻ,ശിശു രോഗ വിദഗ്ധ   കൊച്ചി

കോവിഡ് – ടൈം ലൈന്‍ എന്ന സുപ്രധാന ശാസ്ത്ര തത്വം

Previous article

കുട്ടികളും കോവിഡും

Next article

You may also like

Comments

Leave a reply

Your email address will not be published. Required fields are marked *