child healthCOVID-19HealthUncategorized

കുട്ടികളും കോവിഡും

നമ്മൾ എല്ലാം ഇപ്പോൾ ചർച്ച ചെയ്യുന്നത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാവുമോ, ഉണ്ടായാൽ അത് കുട്ടികളെ കൂടുതൽ ബാധിക്കുമോ എന്നാണ്. ആയതിനാൽ കുട്ടികളിൽ കോവിഡ് എന്തെല്ലാം ലക്ഷണങ്ങൾ ഉണ്ടാക്കും,എന്തെല്ലാം സങ്കീർണതകൾക്ക് കാരണമാകും ,അതെങ്ങനെ തിരിച്ചറിയാം,രോഗ പരിശോധന,ചികിത്സ, പ്രതിരോധസംവിധാനം എന്തെല്ലാം തുടങ്ങിയ സംശയങ്ങൾക്ക് ഇപ്പോൾ ലഭ്യമായ ഉത്തരങ്ങൾ ഏതൊക്കെയെന്നു പരിശോധിക്കാം.

1) വരും മാസങ്ങളിൽ കോവിഡിന്റെ മൂന്നാമത്തെ തരംഗത്തിന്റെ സാധ്യത എന്താണ് ?

പകർച്ച വ്യാധിതരംഗങ്ങൾക്ക് സാധാരണ സംഭവിക്കുന്ന പ്രവണതയിൽ വൈറസിന്റെ ജനിതക മാറ്റം മൂലമുള്ള ഓരോ തരംഗവും ധാരാളം ആളുകളിലേക്ക് രോഗം ഉണ്ടാവാൻ കാരണമാകുന്നു.
ഒടുവിൽ രോഗം വന്നു മാറിയോ പ്രതിരോധകുത്തിവെപ്പ് മൂലമോ ഭൂരിഭാഗം ജനങ്ങൾക്കും പ്രതിരോധശേഷി ലഭിച്ചു കഴിഞ്ഞു കാലക്രമേണ രോഗം ഇല്ലാതാവുകയോ സമൂഹത്തിൽ വളരെ കുറഞ്ഞു വരുകയോ ചെയ്യാം.
പകർച്ചാനിരക്കുകൾ ഇപ്പോൾ നൽകുന്ന പ്രധാന സന്ദേശമനുസരിച്ചു മൂന്നാമത്തെ തരംഗത്തിന് സാധ്യതയുണ്ട്, പക്ഷേ അത് എത്രത്തോളം എപ്പോൾ ഉണ്ടാകാം എന്ന് പ്രവചിക്കാൻ പ്രയാസമാണ്.

2) ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നതുപോലെ മൂന്നാം തരംഗത്തിൽ കുട്ടികൾ കൂടുതൽ അപകടത്തിലാണോ ?

ആദ്യ തരംഗത്തിൽ, രോഗം പ്രാഥമികമായി പ്രായമായവരിലും മുമ്പ് തീവ്ര രോഗാവസ്ഥകൾ ഉള്ള വ്യക്തികളിലും കൂടുതൽ ഗുരുതരമായി ബാധിച്ചു.
രണ്ടാമത്തെ തരംഗത്തിൽ,30-45 വയസ് പ്രായമുള്ള ചെറുപ്പക്കാരെയാണ് രോഗം
കഠിനമായി ബാധിച്ചത്.
രണ്ടാമത്തെ തരംഗം അവസാനിച്ച ശേഷം കോവിഡിനെതിരായ ഇപ്പോഴത്തെ നമ്മുടെ
പ്രതിരോധ ശീലങ്ങൾ
തുടർന്നില്ലെങ്കിൽ മൂന്നാമത്തെ
തരംഗം വേഗം തന്നെ സംഭവിക്കാൻ സാധ്യതയുണ്ട്..
മൂന്നാം തരംഗം സംഭവിക്കുകയാണെങ്കിൽ, ശേഷിക്കുന്ന രോഗപ്രതിരോധ ശേഷിയില്ലാത്ത വ്യക്തികളെ ബാധിക്കാൻ സാധ്യതയുണ്ട്. അവർക്ക് അസുഖം വരുന്ന തോതനുസരിച്ചു കുട്ടികൾക്കും അസുഖം വരാം. പക്ഷെ കുട്ടികൾക്ക് മുതിർന്നവരെപ്പോലെ കടുത്ത രോഗം വരാനുള്ള സാധ്യത കുറവാണ്..

3) കുട്ടികളിൽ അണുബാധയുടെ ഭാഗമായി കണ്ടുവരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് ?

ചെറിയ കുട്ടികളിൽ
നേരിയ ചുമ
പനി
ശരീര വേദന
ശ്വാസം മുട്ടൽ
അടിവയറ്റിലെ വേദന
ഛർദ്ദി
വയറിളക്കം

കൗമാരക്കാരിലും മുതിർന്ന കുട്ടികളിലും
തല വേദന
ശരീര വേദന
നേരിയ ചുമ
പനി
ശ്വാസം മുട്ടൽ
അടിവയറ്റിലെ വേദന
ഛർദ്ദി
വയറിളക്കം
രുചി അല്ലെങ്കിൽ മണം നഷ്ടപ്പെടുന്നത് എന്നിവ രോഗ ലക്ഷണങ്ങളായി കരുതാം

4) കോവിഡ് ബാധിച്ച ഏതെല്ലാം കുട്ടികൾക്ക് കടുത്ത അസുഖം വരാനുള്ള സാധ്യതയുണ്ട് ?

ഹൃദയ രോഗം
വൃക്ക രോഗം
കരൾ രോഗം
ആസ്ത്മ അല്ലെങ്കിൽ വിട്ടുമാറാത്ത
ശ്വാസ കോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ
അമിതവണ്ണം,
പ്രമേഹം,
രക്തത്തിൽ അരിവാൾ രോഗം, അല്ലെങ്കിൽ അത് പോലെയുള്ള അസുഖങ്ങൾ വഴി രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾ
അർബുദ രോഗമുള്ള കുട്ടികൾ.
അവയവ മാറ്റ/മജ്ജ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികൾ

ഇങ്ങനെ ഉള്ള കുട്ടികളിൽ കോവിഡ് രോഗത്തിന്റെ മേൽ പറഞ്ഞ രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് മാതാപിതാക്കൾ സൂക്ഷ്മമായി നിരീക്ഷിക്കണം. ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ വിദഗ്ദ ചികിത്സ എടുക്കണം.

5) കഠിനമായ കോവിഡ് രോഗമുണ്ടാകുന്ന എല്ലാ കുട്ടികൾക്കും തീവ്ര പരിചരണം ആവശ്യം ഉണ്ടോ ?

കഠിനമായ രോഗമുള്ള എല്ലാ കുട്ടികൾക്കും ആശുപത്രി പരിചരണം ആവശ്യമാണെങ്കിലും തീവ്ര പരിചരണം ആവശ്യമില്ല. കടുത്ത ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും മറ്റ് ചില സങ്കീർണതകളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് തീവ്ര പരിചരണചികിത്സ ആവശ്യമാണ്. നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അതിനായി സജ്ജമാവുകയും ചെയ്തിരിക്കുന്നു.

6) കുട്ടികൾ വൈറസിന്റെ സൂപ്പർ സ്പ്രെഡറുകളാണോ ?

ഇല്ല. കുട്ടികൾ സൂപ്പർ സ്പ്രെഡറുകളാകാമെന്നത് ഒരു മിഥ്യയാണ്. കുട്ടികൾ വൈറസിന്റെ സൂപ്പർ സ്പ്രെഡറുകളല്ലെന്ന് ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.
വാസ്തവത്തിൽ, മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് അണുബാധ പകരാനും /പകർത്താനും ഉള്ള ശേഷിയും സാഹചര്യങ്ങളും വളരെ കുറവാണ്.

7) എന്റെ കുട്ടിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ഞാൻ എന്തുചെയ്യണം ?

എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
ഡോക്ടറുടെ നിർദേശപ്രകാരം കോവിഡ് തിരിച്ചറിയാൻ ഉള്ള പരിശോധിക്കു കുട്ടികളെ വിധേയരാക്കുക.

റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ), കോവിഡ് ആന്റിജൻ പരിശോധന ഇവയിൽ ഏതെങ്കിലും ഡോക്ടറുടെ/ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ചെയ്യാം.

ടെസ്റ്റ് റിസൾട്ട് വരുന്നത് വരെ കുട്ടികളെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി മുൻകരുതലോടെ പരിപാലിക്കുക. ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ
നിങ്ങളുടെ കുട്ടിയുമായി സമ്പർക്കം പുലർത്തുന്ന കുടുംബാംഗങ്ങളെയും സമ്പർക്കകാലാവധി അനുസരിച്ചു കോവിഡ് പരിശോധനക്ക് വിധേയരാക്കുക.
കുട്ടികൾക്ക് ഡോക്ടറുടെ /ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചു വേണ്ട ചികിത്സകൾ യഥാസമയം നൽകുക.

8) എന്റെ കുട്ടിക്ക് കോവിഡ് അണുബാധ വരുന്നത് എങ്ങനെ തടയാം ?

കോവിഡ് വരാതിരിക്കാനുള്ള ഉചിതമായ പെരുമാറ്റങ്ങൾ പിന്തുടരുക എന്നതാണ് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം:
SMS –
S-സോപ്പ് /സാനിറ്റയ്സർ ഉപയോഗം
M- മാസ്ക് ശരിയായ രീതിയിൽ ധരിക്കൽ
S-സാമൂഹിക അകലം പാലിക്കൽ

വൈദ്യചികിത്സയ്ക്കോ അടിയന്തിര ഘട്ടങ്ങളിലോ മാത്രം കുട്ടികളെ പുറത്തു കൊണ്ട് പോവുക..
രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മാസ്ക് ധരിക്കാം(5 വയസിനു മുകളിലുള്ള കുട്ടികൾ ധരിച്ചാൽ മതിയെന്ന് നിർദേശങ്ങൾ ഉണ്ടെങ്കിലും )
പൊതുവേ നല്ല ആരോഗ്യമുള്ള കുട്ടികൾക്ക് നോൺ-മെഡിക്കൽ അല്ലെങ്കിൽ ഫാബ്രിക് മാസ്ക് ധരിക്കാമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു, ആരോഗ്യപരമായ ബുദ്ധിമുട്ട് ഉള്ള കുട്ടികളെ ഡോക്ടറുമായി കൂടിയാലോചിച്ച് മെഡിക്കൽ മാസ്ക് (ത്രീ ലയർ സർജിക്കൽ,ഡബിൾ മാസ്ക് )ധരിപ്പിക്കാം.

നിങ്ങളുടെ കുട്ടി രണ്ട് വയസ്സിനു മുകളിലാണെങ്കിൽ മാസ്ക് ധരിക്കാൻ തയ്യാറാണെങ്കിൽ,മാസ്ക് ശരിയായി ധരിക്കാനും അവരെ പഠിപ്പിക്കുക.

ശരിയായി സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ കുട്ടിയെ പഠിപ്പിക്കുക .
കുറഞ്ഞത് 20 സെക്കൻഡ് നേരം സോപ്പ് /സാനിറ്റയിസർ ഉപയോഗിച്ച് കൈ കഴുകി ശീലിപ്പിക്കുക
കൈകളുടെ ഉപരിതലം മുഴുവൻ കഴുകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
മറ്റു പ്രതിരോധ കുത്തിവയ്പുകൾ കൃത്യ സമയത്ത് എടുക്കുക,മറ്റു അസുഖത്തിന് ചികിത്സയും യഥാസമയം എടുക്കുക..
പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക, സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കുക.

നിങ്ങളുടെ കുട്ടികളുമായി കോവിഡിനെതിരായ ഈ മുൻകരുതലിന്റെ പ്രാധാന്യം ചർച്ച ചെയ്യുക

നിലവിൽ വാക്സിനുകൾ മുതിർന്നവർക്ക് മാത്രം ഉപയോഗിക്കാൻ അംഗീകാരമുള്ളൂ.ഇത് മുതിർന്നവരെ പ്രധാനമായും രോഗത്തിന്റെ സങ്കീർണ്ണതകളിൽ നിന്നും സംരക്ഷിക്കുന്നു. രോഗപകർച്ച കുറയ്ക്കാനും സഹായിക്കുന്നു.
ആയതിനാൽ മുതിർന്നവരെല്ലാം വാക്സിനേഷൻ എടുത്തു പ്രതിരോധശക്തി കൈവരിച്ചു കുട്ടികളിലേക്ക് അസുഖം
എത്താതിരിക്കാൻ ശ്രദ്ധിക്കണം..

12 മുതൽ -18 വയസ്സ് വരെയുള്ള കുട്ടികളിലും,2 വയസ്സിനു മുകളിലുള്ള കുട്ടികളിലും ഇപ്പോൾ വാക്സിനേഷൻ നൽകുന്നത് പരീക്ഷണഘട്ടത്തിൽ ആണ്. അടുത്തഭാവിയിൽ തന്നെ കുട്ടികളെയും വാക്സിനേഷൻ എടുത്തു സംരക്ഷണം നൽകാൻ ആവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

9) ഒരു കുടുംബാംഗം കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞാൽ ഞാൻ എങ്ങനെ എന്റെ കുട്ടികളെ സംരക്ഷിക്കും ?

പരിഭ്രാന്തരാകാതെ കോവിഡ് ഉള്ള നിങ്ങളുടെ കുടുംബാംഗത്തെ ഉടനടി മറ്റുള്ളവരിൽ നിന്ന് മാറ്റി ഒരു പ്രത്യേക മുറിയിൽ താമസിപ്പിക്കുക.വേണ്ട സമയങ്ങളിൽ വൈദ്യോപദേശം തേടുക.

അസുഖം ബാധിച്ച നിങ്ങളുടെ കുടുംബാംഗം ഉള്ള മുറിയിൽ ആരും പ്രവേശിക്കരുത്. (പ്രത്യേകിച്ച് മുതിർന്നവരോ കുട്ടികളോ).

അസുഖം ഉള്ള നിങ്ങളുടെ കുടുംബാംഗം ഒറ്റപ്പെടുന്ന സാഹചര്യത്തിൽ മുറിക്ക് പുറത്ത് നിന്ന് വാതിൽ അടച്ചു അവരുമായി സംവദിക്കുക, നേരിൽ പോകേണ്ട സാഹചര്യം ഉണ്ടെങ്കിൽ എല്ലായ്പ്പോഴും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ചതിന് ശേഷം മറ്റുള്ളവരുമായി ഇടപഴുകുക

10) യാത്ര ചെയ്യുമ്പോൾ കോവിഡിനെതിരെ എന്റെ കുടുംബത്തിന് എന്ത് മുൻകരുതലുകൾ എടുക്കാം ?

യാത്ര ചെയ്യുമ്പോൾ, എല്ലാ മാതാപിതാക്കളും തങ്ങൾക്കും കുട്ടികൾക്കുമായി കോവിഡ് പ്രതിരോധനടപടികൾ പാലിക്കണം.
മാസ്ക് ധരിക്കുക, യാത്രയ്ക്കിടെയും താമസസ്ഥലത്തിന് പുറത്തുള്ള സമയത്തും (ഫോട്ടോഗ്രാഫുകൾ എടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ )നിങ്ങളുടെ കുട്ടികൾ എല്ലായ്പ്പോഴും മാസ്ക് ധരിക്കുന്നു എന്ന് ഉറപ്പാക്കുക. മറ്റുള്ളവർ ഉപയോഗിച്ച വസ്തുക്കൾ കൈകാര്യം ചെയ്തു കഴിഞ്ഞാൽ
സോപ്പ് ഉപയോഗിച്ച് കൈകൾ ശരിയായി കഴുകുന്നു,
മതിയായ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
പനിയോ ചുമയോ തുമ്മലോ ഉള്ള ആരുമായും അടുത്ത ബന്ധം ഒഴിവാക്കുക.

11) ഗർഭിണികളായ സ്ത്രീകൾക്ക് കൊറോണ വൈറസ് വരാനുള്ള സാധ്യത കൂടുതൽ ആണൊ? ഗർഭസ്ഥ ശിശുവിലേക്ക് അസുഖം പകരുമോ ?

ഗർഭകാലത്ത് പ്രതിരോധശക്തി കുറവായതിനാൽ കോവിഡ് രോഗ ബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അമ്മയിൽ നിന്നും ഗർഭസ്ഥ ശിശുവിലേക്ക് അസുഖം പടരുന്നുണ്ടോ എന്ന് പഠനം നടന്നു കൊണ്ടിരിക്കുന്നേ ഉള്ളൂ.
പനി, ചുമ അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഗർഭിണികൾ വൈറസ് ബാധയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ഉചിതമായ മുൻകരുതലുകൾ പിന്തുടരുകയും നേരത്തെ തന്നെ വൈദ്യസഹായം തേടുകയും വേണം.

12) മുലയൂട്ടലിലൂടെ ഒരു അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് കോവിഡ് വൈറസ് പകരുന്നുണ്ടോ ?

കൊറോണ വൈറസ് ബാധിച്ചാൽ അമ്മയ്ക്ക് മുലയൂട്ടുന്നത് സുരക്ഷിതമാണോ ?

മുലയൂട്ടലിലൂടെ ഒരു അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് വൈറസ്
പകരുക,അല്ലെങ്കിൽ ഇത് കുഞ്ഞിന് ഉണ്ടായേക്കാവുന്ന ആഘാതം നിർണ്ണയിക്കാൻ മതിയായ തെളിവുകളില്ല. ഇത് നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

കൂട്ടിയുടെ വളർച്ചയും പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മുലപ്പാലിന്റെ പങ്കും കണക്കിലെടുക്കുമ്പോൾ, ആവശ്യമായ എല്ലാ മുൻകരുതലുകളും പ്രയോഗിക്കുമ്പോൾ ഒരു അമ്മയ്ക്ക് മുലയൂട്ടൽ തുടരാം,
ഉദാഹരണമായി കുഞ്ഞിന് മുലയൂട്ടുന്ന സമയത്ത് 3 ലയർ സർജിക്കൽ മാസ്ക്/ഡബിൾ മാസ്ക് ധരിക്കുക; മുലയൂട്ടുന്നതിനു മുമ്പും പിമ്പും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക അല്ലെങ്കിൽ സാനിറ്റയ്സർ ഉപയോഗിക്കുക
ചുറ്റുമുള്ള പ്രതലങ്ങൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.

പനി, ചുമ അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ലക്ഷണങ്ങളുള്ള രോഗബാധിതരും അപകടസാധ്യതയുള്ളവരുമായ എല്ലാ അമ്മമാരും നേരത്തെ വൈദ്യസഹായം തേടുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.

13) കോവിഡ് ബാധിച്ച കുട്ടികളെ എങ്ങനെ ചികിത്സിക്കും ?

രോഗനിർണ്ണയം നടത്തി കഴിഞ്ഞാൽ ഡോക്ടർ /ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പ്രകാരം ഫോൺ വഴി രോഗ വിവരങ്ങൾ അന്വേഷണം നടത്തി ചികിത്സ തേടാം
. പനി, ചുമയുടെ മരുന്നുകൾ, വിറ്റാമിൻ മരുന്നുകൾ,വെള്ളം നന്നായി കുടിക്കുക, സമീകൃത ആഹാരം കഴിക്കുക എന്നിവ വഴി ഭൂരിപക്ഷം കുട്ടികളുടെ അസുഖം 3-4 ദിവസം കൊണ്ട് തന്നെ മാറും..

രോഗത്തെ കുറിച്ചുള്ള ഭീതിയുള്ള വാർത്തകൾ കുട്ടികളെ കാണിക്കാതെ ലഘുവായ വിനോദങ്ങൾ, വായന, കഥകൾ പറഞ്ഞു കൊടുത്ത് ആവശ്യമായ വിശ്രമം, ഉറക്കം കുട്ടികൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
ശ്വാസഗതിയിലെ വ്യത്യാസം, തളർച്ച, നിർത്താതെയുള്ള ഛർദി, വയറിളക്കം ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിച്ചു കുട്ടികൾക്ക് ചികിത്സ യഥാസമയം തേടേണ്ടത് ആണ്.

14) കോവിഡ്-19 മായി ബന്ധപ്പെട്ട കുട്ടികളിലെ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം എന്താണ് ?
ലക്ഷണങ്ങൾ /അപകടസൂചനകൾ എന്തൊക്കെ*?

കുട്ടികളില് കോവിഡ്-19 ബാധിക്കുമ്പോള് സാധാരണഗതിയിൽ ലക്ഷണങ്ങള് അത്ര തീവ്രമായിരിക്കില്ല. ചിലര്ക്ക് രോഗലക്ഷണങ്ങള് തന്നെ കാണില്ല.
എന്നാൽ കോവിഡാനന്തര ആരോഗ്യപ്രശ്നമായി ലോകത്താകമാനം ഒരു ചെറിയ ശതമാനം കുട്ടികളില് കണ്ടുവരുന്ന അതീവ ഗൗരവകരമായ രോഗാവസ്ഥയാണ് മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ (MIS-C).

കോവിഡ് വൈറസുകളോട് കുട്ടികളുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനങ്ങളുടെ അമിത പ്രതികരണമാണ് ഈ ഒരു രോഗാവസ്ഥ ഉണ്ടാക്കുന്നത്. കോവിഡ് വൈറസ് ബാധിക്കുന്ന വളരെ ചെറിയ ശതമാനം കുട്ടികളിൽ മാത്രമാണ് ഈ രോഗാവസ്ഥ കാണുന്നത് എന്നതുകൊണ്ടുതന്നെ പരിഭ്രമിക്കേണ്ട ആവശ്യമില്ല. ഇങ്ങനെയൊരു രോഗം ഉണ്ടെന്നും അതിൻറെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും എല്ലാവരും അറിഞ്ഞിരിക്കുക എന്നതാണ് പ്രധാനം. തുടക്കത്തിലേ കണ്ടെത്തി ശരിയായ ചികിത്സ ചെയ്താൽ പൂർണമായും ഭേദമാക്കാൻ പറ്റുന്ന രോഗാവസ്ഥയാണിത്. എന്നാൽ നേരത്തെ കണ്ടു പിടിച്ചു ചികിൽസിച്ചില്ലെങ്കിൽ ഹൃദയപേശികളെവരെ ബാധിച്ചു ജീവൻ അപകടത്തിലാകുന്ന അവസ്ഥയും ഇതുമൂലം ഉണ്ടാകാം. ശരീരത്തിൽ പല അവയവങ്ങളിലും കടുത്ത നീർവീക്കം ഉണ്ടാവുകയും ഒരേസമയം ഒന്നിലധികം അവയവങ്ങളുടെ പ്രവര്ത്തനത്തെ പ്രതികൂലമായി ബാധിക്കുകായും ചെയ്യുന്നത് കൊണ്ടാണ് ഇതിനു മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (MIS-C) എന്നു പേരിട്ടിരിക്കുന്നത്.

കോവിഡ് അണുബാധയുണ്ടായി മൂന്നോ നാലോ ആഴ്ചകൾക്ക് ശേഷമാണ് MIS-C ന്റെ രോഗ ലക്ഷണങ്ങൾ കാണുന്നത്. രോഗ ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ കോവിഡ് ബാധിച്ച കുട്ടികൾക്കും ഈ കോവിഡാനന്തര രോഗം ഉണ്ടാവാൻ സാധ്യത ഉണ്ട്. അതുകൊണ്ട് കോവിഡ് സ്ഥിരീകരിക്കാത്ത കുട്ടികളാണെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്.

ഈ രോഗാവസ്ഥ തിരിച്ചറിയാൻ സഹായിക്കുന്ന രോഗലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി
അതോടൊപ്പം ഇനി പറയുന്നവയിൽ ഏതെങ്കിലും 2 ലക്ഷണങ്ങൾ ഉണ്ടെങ്കിൽ:
a) തൊലിപ്പുറത്ത് ചുവന്നപാടുകൾ, കണ്ണിൽ ചുവപ്പ്, കഴലകളുടെ വീക്കം, കൈകളിലോ കാലുകളിലോ ചുവപ്പ് അല്ലെങ്കിൽ നീര്, ചുണ്ടുകളിലും നാവിലും ചുവപ്പും നീരും;
b) വയറുവേദന, ഛർദി, വയറിളക്കം;
c)രക്തസമ്മർദം കുറയുക, ബോധക്ഷയം ഉണ്ടാവുക;
d)രക്തം കട്ട പിടിക്കാതിരിക്കുന്നതിന്റെ ലക്ഷണങ്ങൾ (തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസങ്ങൾ);

15) *കുട്ടികളിലെ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം
( MIS-C ) രോഗനിർണ്ണയം നടത്തുന്നത് എങ്ങനെ?

MIS-C ഒരു കോവിഡാനന്തര രോഗമായതു കൊണ്ട് തന്നെ സാധാരണ കോവിഡ് കണ്ടെത്താനുള്ള പി.സി.ആര്, ആന്റിജന് ടെസ്റ്റുകൾ വെച്ച് ഇത് തിരിച്ചറിയാന് കഴിയണമെന്നില്ല. കോവിഡ് ആന്റിബോഡി പരിശോധനയാണ് സാധാരണ രോഗ നിർണയത്തിന് ഉപയോഗിക്കുന്നത്. കോവിഡ് പരിശോധനകളൊക്കെ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മുൻപ് കോവിഡ് രോഗിയുമായി സമ്പർക്കം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് MIS-C ആയി പരിഗണിക്കും
ഈ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ അനുസരിച്ചു ജാഗ്രതയോടെ ഇനിയും മുന്നോട്ട് പോയാൽ മൂന്നാം തരംഗത്തിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാം.

എഴുതിയത്
ഡോ. രഞ്ജിത്ത് പി
ശിശുരോഗ വിദഗ്ദ്ധൻ
കേരള ഹെൽത്ത് സർവീസ്

കുട്ടികളിലെ ആത്മഹത്യാ പ്രവണത എഴുതിയത് : ഡോ ദീപ ജനാർദ്ദനൻ, ശിശു രോഗ വിദഗ്ധ കൊച്ചി

Previous article

ശിശു സൗഹാര്‍ദ്ദ ആശുപത്രികളില്‍ നിന്നും മാതൃശിശു സൗഹാര്‍ദ്ദ ആശുപത്രികളിലേക്ക് എത്ര ദൂരം?

Next article

You may also like

Comments

Leave a reply

Your email address will not be published. Required fields are marked *