Covid vaccinations
COVID-19Health

കോവിഡിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ ഉടന്‍ എത്തുമോ

ഡോ. എം.വിജയകുമാര്‍
പ്രൊഫസർ & ശിശുരോഗ വിഭാഗം മേധാവി
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, മഞ്ചേരി

കോവിഡ് 19 അതിന്റെ ലോക വ്യാപനം തുടങ്ങിയിട്ട് മാസം അഞ്ചായി. ലോകമെമ്പാടും മുപ്പത്താറുലക്ഷം പേർക്ക് ഇതിനകം രോഗം പിടിപെട്ടു കഴിഞ്ഞു. മരണസംഖ്യ മൂന്നു ലക്ഷത്തിലേക്കെത്തുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, വിഖ്യാത ഗായിക മഡോണ എന്നിവർ മുതൽ ധാരാവിയിലെ ചേരിനിവാസികൾ വരെ കൊറോണ രോഗബാധിതരായി.

രോഗം വന്നവരിൽ മിക്കവർക്കും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നെങ്കിലും അമ്പതിനായിരത്തിൽപ്പരം പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണത്രേ.

പ്രായമുള്ളവരിലും പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നു തുടങ്ങിയ രോഗമുള്ളവർക്കുമാണ് ഈ രോഗം ഗുരുതരമാവുന്നത്.

കൊറോണ വൈറസിന്റെ പുതിയ അവതാരമായതിനാൽ (നോവൽ കൊറോണ വൈറസ്) ഫലപ്രദമായ മരുന്നുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.

പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യവും ഇതുതന്നെ. ശത്രുവിനെ നേരിടാൻ ആവനാഴിയിൽ ഒരു അസ്ത്രം പോലും ഇല്ലാതെ യുദ്ധരംഗത്ത് ഇറങ്ങേണ്ടിവന്ന അവസ്ഥയാണിപ്പോൾ. ശത്രുസൈന്യം അകത്തുകടക്കാതിരിക്കാൻ ചുറ്റും പ്രതിരോധക്കോട്ട നിർമ്മിച്ചു രാജ്യത്തിനകത്തിരിക്കുകയാണിന്ന് നാം. എപ്പോഴാണ് ഈ പ്രതിരോധം തകർത്ത് ശത്രുസൈന്യം നമ്മുടെ രാജ്യത്തേക്ക് ഇരച്ചുകയറുക എന്നാലോചിച്ച് അല്പം ഭയപ്പാടോടെ തന്നെയാണ് നാമിന്ന് ജീവിക്കുന്നത്.

ലോകമെമ്പാടും ശാസ്ത്രജ്ഞൻമാർ അവരുടെ പണിപ്പുരയിലാണ്. കോവിഡിനോട് സാമ്യമുള്ള വൈറസുകളെ പിടിച്ചുകെട്ടാൻ ഉപകരിച്ച മരുന്നുകൾ കോവിഡ് രോഗികളിൽ പരിശോധിക്കുന്നുമുണ്ട്. ചില മരുന്നുകൾ കുറച്ചൊക്കെ ഫലപ്രദമാണെന്ന് മനസ്സിലാക്കിവരുന്നുമുണ്ട്.

എന്നാൽ നാം ഏറെ പ്രതീക്ഷയോടെ കാത്തുനിൽക്കുന്നത് ഈ രോഗം പകരുന്നത് തടയാനുതകുന്ന- ഈ രോഗത്തെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കാൻ ശക്തിയുള്ള ഒരു വാക്സിന്റെ പിറവിക്കുവേണ്ടിയാണ്. നാം ഇതുവരെ ഒരു വാക്സിനുവേണ്ടി ഇത്രയേറെ ആകാംഷയോടെ കാത്തിരുന്നിട്ടില്ല.

വാക്സിനേഷൻ തുടക്കം

രോഗപ്രതിരോധത്തിനുതകുന്ന കുത്തിവെപ്പുകളുടെ ജനനത്തിന് ഒരുക്കങ്ങൾ തുടങ്ങുന്നത് ഏകദേശം രണ്ടു നൂറ്റാണ്ടിനപ്പുറത്താണ്. ചൈനയിലാണത്രേ ഈ ആശയം ഉടലെടുത്തത്. പക്ഷേ വാക്സിനേഷൻ ചരിത്രപുസ്തകങ്ങളിൽ ഇടം പിടിക്കുന്നത് എഡ്വേർഡ് ജെന്നർ 1796ൽ വസൂരി കുത്തിവെപ്പ് കണ്ടുപിടിച്ചതോടെയാണ്. ലൂയി പാസ്ചറുടെ കണ്ടുപിടിത്തങ്ങൾ പേ വിഷബാധ, കോളറ, ആന്ത്രാക്സ് തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന് ഹേതുവായി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വികസിപ്പിച്ചെടുത്ത ബി.സി.ജി. വാക്സിൻ അൽപ്പസ്വൽപ്പം ഭേദഗതികളോടെ ഇന്നും നാം കുട്ടികൾക്ക് ഉപയോഗിക്കുന്നു. പോളിയോ നിർമാർജ്ജനത്തിലൂടെ പോളിയോ വാക്സിൻ ചരിത്രത്തിൽ ഇടംപിടിക്കപ്പെട്ടു.

വാക്സിൻ വിരുദ്ധത

ഇരുപതാം നൂറ്റാണ്ടിൽ പല മാരകരോഗങ്ങൾക്കും മേലെ വാക്സിൻ അതിന്റെ വിജയക്കൊടി നാട്ടുന്നത് നാം കണ്ടു. മിക്ക ലോകരാജ്യങ്ങളിലും കുട്ടികൾക്കുള്ള കുത്തിവയ്പ് നിർബന്ധിതവുമാക്കി. പക്ഷേ ഇതിനു സമാന്തരമായി വാക്സിൻ വിരുദ്ധലോബിയും തലപൊക്കാൻ തുടങ്ങി. ഇത്തരം പേരുടെ ഇടപെടലുകൾ മൂലം നിർമ്മാർജ്ജനത്തിന്റെ വക്കോളമെത്തിയ പല രോഗങ്ങളും (ഡിഫ്ത്തീരിയ, അഞ്ചാംപനി) ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. 2019 ൽ ലോകാരോഗ്യ സംഘടന ആരോഗ്യത്തിന്റെ പത്തു ഭീഷണികളിൽ ഒന്നായി വാക്സിൻ വിരുദ്ധതയേയും പെടുത്തിയിട്ടുണ്ട്.

വാക്സിന്റെ ശാസ്ത്രം

നമ്മുടെ ശരീരത്തിന് അന്യമായ അണുക്കൾ നമ്മുടെ ശരീരത്തിനകത്തേക്കു പ്രവേശിക്കുകയാണെങ്കിൽ, (അത് ബാക്ടീരിയയോ വൈറസോ ആകാം) മനുഷ്യശരീരം അത്തരം അണുക്കളെ പ്രതിരോധിക്കാൻ ഉതകുന്ന പടക്കോപ്പുകൾ നിർമ്മിക്കുന്ന പ്രവർത്തനത്തിലേർപ്പെടുന്നു.

ഇത്തരം കണികകളെ ആന്റിബോഡി എന്ന് വിളിക്കുന്നു. ശരീരത്തിലെ ശ്വേതരക്താണുക്കളിൽ ചിലതാണ് (B-Cells) ഇത്തരം ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നത്.

മറ്റു ചില ശ്വേതാണുക്കൾ (T-Cells) ഇത്തരം പടക്കോപ്പു നിർമ്മാണ വിദ്യ സൂക്ഷിച്ചുവെക്കുന്നു (Memory Cells). ഇതേ രോഗാണുക്കൾ അടുത്ത വണ നമ്മുടെ ശരീരത്തെ അക്രമിക്കുകയാണെങ്കിൽ വളരെ പെട്ടെന്നു തന്നെ പ്രതിരോധം സൃഷ്ടിക്കാൻ നമ്മുടെ ശരീരത്തിന് ഇതുമൂലം സാധിക്കുന്നു.

രോഗകാരികളായ അണുക്കളുടെ ശരീരഭാഗങ്ങളിൽ നിന്നാണ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലേക്ക് കുത്തിവെച്ചാൽ അതിനെതിരായുള്ള ആന്റിബോഡികൾ നിർമ്മിക്കപ്പെടുന്നു.

നമ്മുടെ ശരീരത്തിലെ മെമ്മറി സെല്ലുകൾ ഈ വിവരത്തെ ശേഖരിച്ചുവെയ്ക്കുന്നു. പട്ടാളക്കാർ നടത്തുന്ന റിഹേഴ്സലിന് സമാനമാണ് ഈ സംഭവം. പിന്നീട് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ നമ്മുടെ ശരീരം വളരെ പെട്ടെന്ന് ആന്റിബോഡികൾ നിർമ്മിച്ച് രോഗവ്യാപനത്തെ തടയുന്നു. ഇതാണ് പ്രതിരോധ കുത്തിവെപ്പിന്റെ അടിസ്ഥാന തത്ത്വം.

കോവിഡ് വാക്സിനേഷൻ നിർമ്മാണ പ്രക്രിയ

കോവിഡിന് എതിരായി നൂറോളം വാക്സിനുകൾ ലോകത്തിന്റെ പലയിടങ്ങളിൽ നിന്നായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധത്തിന് ആവശ്യമായ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ ഉതകുന്ന കണികകൾ നിർമ്മിക്കുകയാണ് വാക്സിൻ നിർമ്മാണത്തിന്റെ ആദ്യ ഘട്ടം. എന്നാൽ ഇത്തരം കണികകളെക്കൊണ്ട് സ്വീകർത്താവിന് രോഗമോ മറ്റു വിപരീത ഫലങ്ങളോ ഉണ്ടാകാൻ പാടുള്ളതുമല്ല. ചില രാസപ്രവർത്തനങ്ങൾ കൊണ്ട് വൈറസിനെ നിർവീര്യമാക്കുന്നതാണ് ഒരു വഴി.

പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അമേരിക്കയിലെ ഒരു വാക്സിൻ നിർമ്മാണ കമ്പനിയുമായി ചേർന്ന് ഇത്തരത്തിലൊരു വാക്സിൻ നിർമ്മിക്കുവാനുള്ള പുറപ്പാടിലാണ്. ചൈനയിലെ സിനോവാക് ബയോടെക് എന്ന സ്ഥാപനം ഇത്തരത്തിലുള്ള ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുകയും മനുഷ്യരിൽ പരീക്ഷണങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ടിലെ വിഖ്യാതമായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ഒരു പടികൂടി മുമ്പിലേക്ക് പോയിട്ടുണ്ട്. അവിടെ നിന്ന് വികസിപ്പിച്ചെടുത്ത വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

കൊറോണ വൈറസിന്റെ പുറന്തോടിലുള്ള സ്പൈക്ക് പ്രോട്ടീൻ ഉത്പാദിപ്പിക്കുന്ന ജനിതക ഘടന നിർവീര്യമാക്കപ്പെട്ട ഒരു വൈറസിൽ കടത്തിയാണ് അവർ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിലെ മൊഡേർണ എന്ന സ്ഥാപനവും ജർമനിയിലെ ഫൈസർ എന്ന സ്ഥാപനവും ജനിതക മാറ്റത്തിലൂടെ വികസിപ്പിച്ചെടുത്ത വൈറസിന്റെ ആർ.എൻ.എ.യാണ് വാക്സിൻ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

വാക്സിൻ എപ്പോൾ പ്രതീക്ഷിക്കാം?

ഒരു വാക്സിൻ നിർമ്മിച്ച് പരീക്ഷണങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങാൻ കാലതാമസം ഉണ്ടായേക്കാം. മുൻകാലങ്ങളെ അപേക്ഷിച്ച് സമയദൈർഘ്യം കുറവാണെങ്കിലും സാധാരണയായി പരീക്ഷണ ഘട്ടങ്ങൾ മുഴുവൻ പൂർത്തിയാക്കാൻ ചിലപ്പോൾ ഒന്നോ രണ്ടോ വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കാം. ഒരു വാക്സിൻ നിർമ്മിക്കപ്പെട്ടു കഴിഞ്ഞാൽ മനുഷ്യരിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് മുൻപ് മൃഗങ്ങളിൽ പരീക്ഷിക്കേണ്ടതായിട്ടുണ്ട്.

പ്രസ്തുത വാക്സിന്റെ രോഗ പ്രതിരോധത്തിനായുള്ള കഴിവ്, അതിന്റെ ദൂഷ്യഫലങ്ങൾ എന്നിവയാണ് ഇതുവഴി പരിശോധിക്കുന്നത്. ജനിതക വ്യതിയാനം വരുത്തിയ കുരങ്ങൻമാർ, എലികൾ, പന്നികൾ, പട്ടികൾ എന്നിവയിലാണ് സാധാരണയായ പരീക്ഷണങ്ങൾ നടത്താറ്.

മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമാണെങ്കിൽ മനുഷ്യരിൽ പരീക്ഷണങ്ങൾ ആരംഭിക്കും. മൂന്നു ഘട്ടങ്ങളായിട്ടാണ് പരീക്ഷണങ്ങൾ നടത്തപ്പെടുന്നത്. തുടക്കത്തിൽ പരീക്ഷണത്തിന് സമ്മതമായ കുറച്ചുപേർക്ക് വാക്സിൻ നൽകും. കുറച്ചുപേർക്ക് സമാനമായ മറ്റെന്തെങ്കിലും വസ്തു (ഉദാ: വേറൊരു വാക്സിൻ) നൽകും. പരീക്ഷണങ്ങളുടെ വിജയം അനുസരിച്ച് കൂടുതൽ പേരിൽ വാക്സിൻ പരീക്ഷണങ്ങൾ നടത്തുകയാണ് അടുത്തപടി. ഇപ്പോഴത്തെ വിവരമനുസരിച്ച് അഞ്ചോളം വാക്സിനുകൾ ഒന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കികഴിഞ്ഞു. ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ ഇതുവരെ ഏതാണ്ട് ആയിരത്തി ഇരുന്നൂറുപേരിൽ പരിശോധിച്ചു കഴിഞ്ഞു.

വാക്സിൻ- ഇപ്പോഴത്തെ അവസ്ഥ

ബിൽഗേറ്റ്സ് പറയുന്നതു ശ്രദ്ധിക്കൂ. കോവിഡ് വൈറസിനെ ലോകത്തുനിന്ന് തുടച്ചുനീക്കാൻ രണ്ടു മാർഗ്ഗങ്ങളേയുള്ളൂ. ഒന്ന് നൂറുശതമാനം ഫലപ്രദമായ മരുന്നുകണ്ടുപിടിക്കുക. രണ്ട് നൂറു ശതമാനം ഫലപ്രദമായ വാക്സിൻ ലോകത്തിലെ എല്ലാവർക്കും നൽകുക. ഈ വാചകം വായിക്കുമ്പോൾ നമുക്ക് ‘എന്തു സുന്ദരമായ നടക്കാത്ത സ്വപ്നം’ എന്ന് മനസ്സിൽ തോന്നുന്നുണ്ടെങ്കിൽ അത്ഭുതമില്ല. ഫലപ്രദമായ മരുന്ന് ഇനിയും കണ്ടുപിടിച്ചിട്ടില്ല. പരീക്ഷണങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ടെങ്കിലും.

വാക്സിൻ പുറത്തുവരാനും കടമ്പകൾ ഏറെയുണ്ട്. ഒന്നാമത് അത് ഫലപ്രദമായിരിക്കണം. രണ്ടാമത് അത് പാർശ്വഫലങ്ങൾ ഇല്ലാത്തതായിരിക്കണം. വാക്സിൻ അത്യാവശ്യമായി വേണ്ട മറ്റുചില വസ്തുതകൾ ഇവയാണ്. ഉപയോഗിക്കാൻ എളുപ്പമുള്ളതായിരിക്കണം. അതിന്റെ ഫലം വളരെക്കാലം (പറ്റുമെങ്കിൽ ജീവിതകാലം മുഴുവൻ) നിലനിൽക്കുന്നതായിരിക്കണം. വാക്സിൻ ശേഖരിച്ചുവെക്കാൻ എളുപ്പമുള്ളതായിരിക്കണം. ഇത്തരം ഒരു വാക്സിനാണ് നമുക്കിന്നാവശ്യം. ഇപ്പോഴത്തെ അവസ്ഥയിൽ ലോകത്തെല്ലായിടത്തും എല്ലാവർക്കും ഈ വാക്സിൻ കൊടുക്കണമെങ്കിൽ ചുരുങ്ങിയത് 10 ബില്യൺ വാക്സിൻ ഉത്പാദിപ്പിക്കേണ്ടിവരും.

അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് എന്ന സ്ഥാപനത്തിന്റെ തലവനായ ഡോ. ആന്റണി ഫൗസി ഒന്നര വർഷം കൊണ്ട് ഫലപ്രദമായ വാക്സിൻ പുറത്തുവരുമെന്ന് ഉറപ്പുതരുന്നു. ലോകത്തിൽ തന്നെ ഏറ്റവും അധികം വാക്സിൻ ഉത്പാദിപ്പിക്കപ്പെടുന്ന പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. പൂനാവാലയും ഇതേ അഭിപ്രായം പങ്കുവെയ്ക്കുന്നു. ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ വാക്സിൻ പരീക്ഷണങ്ങൾക്കായി 250 മില്യൺ ഡോളർ വകവരുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ജെന്നിഫെർ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രമുഖ ശാസ്ത്രജ്ഞ പ്രൊഫ. സാറാ ഗിൽബർട്ട് അവരുടെ വാക്സിൻ ഇതുവരെയുള്ള പരീക്ഷണങ്ങളിൽ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഈ സെപ്റ്റംബറിൽ തന്നെ പുറത്തിറക്കിയേക്കും എന്നു ശുഭാപ്തി വിശ്വാസം നല്കിയിട്ടുണ്ട്.

ഇത്തരം കാര്യങ്ങൾ ആശ്വാസം തരുന്നുണ്ടെങ്കിലും പല രോഗങ്ങൾക്കും വാക്സിൻ ഇനിയും കണ്ടുപിടിച്ചിട്ടില്ല എന്ന പരമാർത്ഥം നാം മറന്നുകൂടാ. മെർസ്, സാർസ് തുടങ്ങിയ അസുഖങ്ങൾക്കുള്ള വാക്സിൻ പരീക്ഷണങ്ങൾ ഇടയ്ക്കുവെച്ചു നിലയ്ക്കപ്പെട്ടു. ഡെങ്കി, മലമ്പനി, എച്ച്.ഐ.വി. തുടങ്ങിയ രോഗങ്ങൾക്ക് ഇന്നേവരെ വാക്സിൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ നമുക്കു കാത്തിരിക്കാം.

ബി.സി.ജി. വാക്സിൻ കോവിഡ് ചികിത്സയ്ക്ക്

ബി.സി.ജി. വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കോവിഡ് ബാധയുടെ തീവ്രത മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തുലോം കുറവാണെന്ന് വാദമുണ്ട്. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ക്ഷയരോഗങ്ങൾ കുറയ്ക്കാൻ വേണ്ടിയാണ് നമ്മുടെ വാക്സിനേഷൻ പദ്ധതിയിൽ ഈ കുത്തിവെയ്പ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് ബാധയുള്ളവർക്ക് കാണപ്പെടുന്ന സൈറ്റോകൈൻ സ്റ്റോം എന്ന ഗുരുതരാവസ്ഥയുടെ കാഠിന്യം ബിസിജി വാക്സിൻ എടുത്തിട്ടുള്ളവർക്ക് കുറവാണെന്നാണ് ഇക്കൂട്ടർ അഭിപ്രായപ്പെടുന്നത്. ബി.സി.ജി. വാക്സിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്പാദകരായ പൂണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ജർമനിയുമായി സംയോജിച്ച് പഠനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പരീക്ഷണങ്ങൾ ഫലപ്രദമാണെങ്കിൽ തീരെ ചിലവുകുറഞ്ഞ ഒരു വാക്സിൻ ആയിരിക്കും ലോകത്തിന് ലഭിക്കാൻ പോകുന്നത്. ജർമനിയിലെ സഹഗവേഷകൻ അഭിപ്രായപ്പെട്ടതുപോലെ ‘ഒരു കപ്പ് ചായയുടെ വില മാത്രം’.

കോവിഡ് മഹാമാരി സമീപകാലത്തൊന്നും കെട്ടടങ്ങും എന്ന പ്രതീക്ഷ അസ്ഥാനത്താണ്. മരുന്നുകളും പുതിയ ചികിത്സാരീതികളും പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും നൂറുശതമാനം ഫലപ്രദമായ ചികിത്സാരീതികൾ ഇനിയും കണ്ടെത്തിയിട്ടില്ല. പോളിയോ പോലെ, വസൂരിപോലെ, കൊറോണ വൈറസിനെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുന്ന ഒരു വാക്സിനാണ് ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നത്. സമീപ ഭാവിയിൽ തന്നെ നമ്മുടെ പ്രതീക്ഷയ്ക്കൊത്തുള്ള ഒരു ‘രക്ഷകൻ’ എത്തിച്ചേരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

നവജാതശിശു പരിചരണം-അച്ഛനമ്മമാർക്ക് ഒരു വഴികാട്ടി

Previous article

ഇന്‍ഹേല്‍ഡ് ഇന്‍സുലിനും പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റേഷനുമൊക്കെ എന്നാണ് ഇവിടെയൊക്കെ വരുക?

Next article

You may also like

Comments

Leave a reply

Your email address will not be published. Required fields are marked *