Dr ശ്വേത. ബി. റാം
ശിശുരോഗ വിദഗ്ദ്ധ
പ്രാഥമിക ആരോഗ്യ കേന്ദ്രം,
പെരളശ്ശേരി
കണ്ണൂർ
കോവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പൊരുതുകയാണല്ലോ. കുറച്ചു മാസങ്ങൾക്കകം വരാൻ സാധ്യതയുള്ള വാക്സിനിൽ ആണ് നമ്മിൽ ഭൂരിഭാഗം പേരുടെയും പ്രതീക്ഷ.
എന്നാൽ ലോകമെമ്പാടുമുള്ള അനേകലക്ഷം കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കുതകുന്ന, കുട്ടികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന, cold chain മുതലായ സംഭരണ സൗകര്യങ്ങൾ ആവശ്യമില്ലാത്ത, പാർശ്വഫലങ്ങളിലാത്ത, തീർത്തും സൗജന്യമായ, രുചിപ്രദമായ ഒരു ദിവ്യഔഷധമുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? !!
അത് മറ്റൊന്നുമല്ല – അമ്മയുടെ മുലപ്പാലാണ് !
അമ്മ നൽകും അമൃത്
1.കുട്ടിയുടെ വളർച്ചയ്ക്കാവശ്യമായ പോഷകഘടകങ്ങൾ കൃത്യമായ അളവിൽ എളുപ്പം ദഹിക്കുവാൻ പാകത്തിനാണ് മുലപ്പാലിലുള്ളത്. അതുകൊണ്ട് തന്നെ ആദ്യത്തെ ആറുമാസക്കാലം കുഞ്ഞിന്റെ വിശപ്പും ദാഹവും അകറ്റുവാനും നന്നായി വളരുവാനും മുലപ്പാൽ മാത്രം മതി.
2.കുഞ്ഞുങ്ങളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങൾ ആവോളം മുലപ്പാലിലുണ്ട്. ന്യൂമോണിയ, വയറ്റിളക്കരോഗങ്ങൾ തുടങ്ങി അനേകം ബാക്റ്റീരിയൽ, വൈറൽ അണുബാധകളെ ചെറുക്കാൻ മുലപ്പാലിനാകും.
3.കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്കും വൈകാരിക വളർച്ചയ്ക്കും മുലപ്പാൽ ഏറെ സഹായകമാണ്.
4.നവജാത ശിശുക്കളിലെ മരണനിരക്ക് 20 ശതമാനം വരെ കുറയ്ക്കുവാനും, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലെ മരണനിരക്ക് 13 ശതമാനം വരെ കുറയ്ക്കുവാനും മുലയൂട്ടലിനു സാധിക്കും.
കൊളസ്ട്രം എന്ന ദിവ്യഔഷദം
കുഞ്ഞ് ജനിച്ചു ആദ്യ ദിനങ്ങളിലുണ്ടാവുന്ന മഞ്ഞ നിറത്തിലുള്ള മുലപ്പാൽ. പോഷകസമൃദ്ധം. രോഗപ്രതിരോധശേഷി വർധിപ്പിക്കുവാൻ അത്യുത്തമം.അതുകൊണ്ട് തന്നെ കുഞ്ഞിന് ആദ്യം ലഭിക്കേണ്ടതും ഈ മുലപ്പാലാണ്.
( ചില ഗുരുതരമായ രോഗാവസ്ഥകളിൽ മാത്രമേ കുഞ്ഞുങ്ങൾക്ക് ഇത് കൊടുക്കാതിരിക്കാറുള്ളൂ ).
മുലയൂട്ടുന്നത് കൊണ്ട് അമ്മമാർക്കുള്ള ഗുണങ്ങൾ
1.കുഞ്ഞുമായുള്ള ബന്ധം ദൃഢമാക്കുന്നു.
2. അർബുദങ്ങളിൽ ( ഉദാ : സ്തനാർബുദം, അണ്ഡശയ അർബുദം ) നിന്നും സംരക്ഷണം.
3.ഒരു പരിധി വരെ ഗർഭനിരോധനം
4.വിലയേറിയ പൊടിപ്പാല് വാങ്ങുവാനുള്ള പണം, അത് തയ്യാറാക്കുവാനുള്ള സമയം, അദ്ധ്വാനം എന്നിവ ലാഭിക്കാമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ !
മുലയൂട്ടലിനോട് മുഖം തിരിഞ്ഞു നിൽക്കുന്ന മലയാളികൾ
ഇത്രെയേറെ ഔഷധസമ്പന്നമാണ് മുലപ്പാലിന്നിരിക്കെ കേരളത്തിൽ ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം കുടിച്ചുവളരുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കാലക്രമേണ ഗണ്യമായ കുറവുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് അത്യന്തം ആശങ്കാജനകമാണ്.
എന്തുകൊണ്ടാണിതെന്നും ഇതിന്റെ പരിഹാരമെന്തെന്നും നമുക്ക് നോക്കാം
1. മുലപ്പാലിന് മുന്നേ മറ്റു പദാർത്ഥങ്ങൾ ( ഉദാ : – മന്ത്രിച്ച വെള്ളം, തേൻ, വയമ്പ്, തങ്കഭസ്മം തുടങ്ങിയവ ) കൊടുക്കുന്നത്. കാലങ്ങളായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. അതിനാൽ അമ്മമാരെ മാത്രമല്ല, കുടുംബത്തിലെ മുതിർന്നവരെയും നാം ബോധവൽകരിക്കേ ണ്ടിയിരിക്കുന്നു..
2. അമ്മയ്ക്ക് പാലില്ല ഡോക്ടറെ.. പലപ്പോഴും കേൾക്കേണ്ടി വരുന്ന വാചകങ്ങളാണിവ. പ്രസവശേഷമുള്ള ദിനങ്ങളിൽ ശാരീരികവേദനകളും മാനസികപിരിമുറുക്കവും ഭക്ഷണക്രമത്തിൽ വന്ന മാറ്റവുമൊക്കെ കാരണം ചില അമ്മമാർക്കെങ്കിലും മുലപ്പാല് കുറഞ്ഞെന്നിരിക്കാം..
ഈ സമയത്തു അവരെ കരുതലോടെ ചേർത്തുപിടിച്ചു ആത്മവിശ്വാസം വർധിപ്പിക്കുകയാണ് വേണ്ടത്. നൂറു നൂറു അഭിപ്രായങ്ങളിലൂടെ അമ്മമാരെ കൂടുതൽ തളർത്തുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദ്രോഹമാണെന്നു നാമോർക്കണം. ഇവിടെയാണ് പുറം രാജ്യങ്ങളിൽ ഉള്ള പോലത്തെ breast feeding support ഗ്രൂപ്പുകളുടെ പ്രാധാന്യം.
3. പൊടിപ്പാൽ കുട്ടികളുടെ വളർച്ചയ്ക്ക് നിർബന്ധമാണെന്ന തെറ്റിദ്ധാരണ ചിലർക്കിടെയിലെങ്കിലുമുണ്ട്.ആദ്യത്തെ ആറുമാസത്തിൽ, പ്രായത്തിനനുസരിച്ചുള്ള തൂക്കമുണ്ടെങ്കിൽ, കുഞ്ഞ് 10-12 തവണ ദിവസവും മൂത്രമൊഴിക്കുന്നുണ്ടെങ്കിൽ, പാലുകുടിച്ചു 1-2 മണിക്കൂർ കളിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നുണ്ടെങ്കിൽ കുഞ്ഞ് നന്നായി വളരുന്നുവെന്നാണ് അർത്ഥം. അങ്ങനെയുള്ള കുഞ്ഞിന് മുലപ്പാൽ മാത്രം മതി.
4. പാല് കുടിച്ചിട്ടും കുഞ്ഞ് ഇടയ്ക്കിടെ കരയുന്നു. പാല് മതിയാവുന്നില്ലേ?
ഓർക്കുക കുഞ്ഞുങ്ങൾ കരയാൻ ഒട്ടനവധി കാരണങ്ങളുണ്ടാവാം. മൂത്രമൊഴിക്കാൻ തോന്നുമ്പോൾ തുടങ്ങി ഉറക്കം വന്നാൽ വരെ കുഞ്ഞുങ്ങൾ കരയാം. എല്ലാം വിശന്നിട്ടാവണമെന്നില്ല.
മുലപ്പാൽ രണ്ടുതരത്തിലാണെന്നു പറയാം. കുടിക്കുമ്പോൾ ആദ്യത്തെ 5 മിനുട്ടിൽ വരുന്നതാണ് foremilk.
ഇത് ലാക്ടോസ് എന്ന ഷുഗർ നിറഞ്ഞതും ദാഹശമനത്തിനുതകുന്നതുമാണ്. പിന്നീടുള്ള 10-15 മിനിറ്റുകളിൽ വരുന്ന hind milk ആണ് വിശപ്പകറ്റുവാൻ സഹായിക്കുന്നത്. വളരെ കുറച്ചു നേരത്തേക്ക് മാത്രം കുഞ്ഞ് പാലുകുടിക്കുമ്പോൾ foremilk മാത്രം ലഭ്യമാവുകയും, കുറച്ചു സമയത്തിനുള്ളിൽ തന്നെ വിശക്കുകയും ചെയ്യുന്നു. അതുകൂടാതെ foremilk മാത്രം കൂടുതലായി കിട്ടുമ്പോൾ അത് ദഹനത്തെ ബാധിക്കുകയും കുഞ്ഞിന് വയറുവേദന ഉണ്ടാവുകയും ചെയ്യുന്നു. 15 – 20 മിനിറ്റ് ദൈർഘ്യമെടുത്തു മുലയൂട്ടുകയെന്നതാണ് ഇതിനു പ്രതിവിധി .
ഫലപ്രദമായ മുലയൂട്ടൽ എങ്ങനെ?
– അമ്മയ്ക്ക് സൗകര്യമുള്ള ഇരിപ്പിടമുണ്ടാവണം. ( മുന്നോട്ടാഞ്ഞിരുന്നു പാലുകൊടുക്കുന്നതുകാരണം പിന്നീട് നടുവേദന വരാം.അതിനു പാവം സിസേറിയനെ കുറ്റപ്പെടുത്തേണ്ട കേട്ടോ.. )
- കുഞ്ഞിനെ തന്നോടടുപ്പിക്കുക
- കുഞ്ഞ് അമ്മയുടെ മുഖം കാണുന്ന രീതിയാണ് വേണ്ടത്.
- കുഞ്ഞിന്റെ തലയും നട്ടെല്ലും അമ്മയുടെ കൈത്തണ്ടയിൽ support ചെയ്യപ്പെടണം.
- മുലക്കണ്ണ് മാത്രമല്ല ചുറ്റുമുള്ള കറുത്ത ഭാഗങ്ങളും (areola) കുഞ്ഞിന്റെ വായ്ക്കകത്തുണ്ടാവുന്നതാണ് അഭികാമ്യം.
5. തുടരെയുള്ള ഗർഭധാരണം.. ആദ്യത്തെ കുഞ്ഞിന് രണ്ടുവയസ്സെങ്കിലും തികയുന്നതിനുമുന്നെ അമ്മ വീണ്ടും ഗർഭിണിയായാൽ അത് 3 പേരുടെയും ( അമ്മയുടെയും കുഞ്ഞിന്റെയും ഗര്ഭസ്ഥശിശുവിന്റെയും )ആരോഗ്യത്തെ ബാധിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.അതിനാൽ തുടരെയുള്ള ഗർഭധാരണം ഒഴിവാക്കേണ്ടതാണ്.
6. അമ്മമാർക്ക് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടിവരുന്നത് – പ്രസവാവധി 6 മാസം ആക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. നിലവിൽ സർക്കാർ ജീവനക്കാർക്ക് മാത്രമുള്ള ഈ ആനുകൂല്യം സർക്കാരിതര, പ്രൈവറ്റ് ജീവനക്കാർക്കും ഗർഭിണികളായ കോളേജ് വിദ്യാർഥിനികൾക്കും കൂടി അനിവാര്യമാണ് .
– പിഴിഞ്ഞെടുത്ത മുലപ്പാൽ ( expressed breast milk ) ഒരു ശീലമാക്കിയാൽ ജോലിക്ക് പോയാലും മുലയൂട്ടൽ തുടരാൻ സാധിക്കും. ഇത് സാധാരണ താപനിലയിൽ 6 മണിക്കൂർ വരെയും ഫ്രിഡ്ജിൽ 24 മണിക്കൂർ വരെയും കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കും.
കേരളത്തിൽ പല തൊഴിലിടങ്ങളിലും പൊതുവിടങ്ങളിലും മുലയൂട്ടൽ ബൂത്തുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നതും ശ്ലാഖനീയമാണ്.
പൊതുവിടങ്ങളിലെ മുലയൂട്ടലിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലും മാറ്റം വരേണ്ടിയിരിക്കുന്നു.
Breast Milk Bank – കൾ സ്ഥാപിക്കുക വഴി അനേകം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ലഭ്യമാക്കാനാവും..
അമ്മമാരോടൊരു വാക്ക് – കുഞ്ഞിനെ പാലൂട്ടുന്നില്ല എന്നതിന്റെ അർത്ഥം നിങ്ങളൊരു മോശം അമ്മയാണെന്നല്ല മറിച്ചു നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെന്നാണ്..
മുലയൂട്ടുന്നതിലൂടെ ആരോഗ്യമുള്ള പുതുതലമുറയെ നമുക്ക് വാർത്തെടുക്കാം.. ഓർക്കുക – മുലപ്പാൽ ജീവന്റെയാധാരം.!
Comments