asthma awareness blog
HealthWorld Asthma Day

ഭയപ്പെടേണ്ട രോഗമല്ല ആസ്ത്മ

Dr. Krishna Mohan
Consultant Pediatrician,
Kerala Govt health services,
State Chairperson, Allergy & Applied Immunology Chapter, IAP Kerala

ഓരോ ശ്വാസത്തിന്റെയും
യഥാർത്ഥ വില അറിയണമെങ്കിൽ
ശ്വസിക്കാൻ കഴിയാതെ ഇരിക്കുന്ന അവസ്ഥയിലൂടെ ഒരുതവണയെങ്കിലും കടന്നു പോകേണ്ടിവരും.
ലോകമെമ്പാടും
മറ്റൊരിക്കലും അറിഞ്ഞിട്ടില്ലാത്ത വിധം ഓരോ ശ്വാസത്തിന്റെയും വില അറിഞ്ഞു കൊണ്ടിരിക്കുന്ന അത്യപൂർവകാലഘട്ടമാണിത് .

എല്ലാവർഷവും മേയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നുണ്ട് . കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ,
ഈ വർഷം,ആഘോഷ പരിപാടികൾ ഒഴിവാക്കി,നിശബ്ദ പ്രചരണങ്ങൾ നടത്തുവാനാണ് ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള GINA(Global initiative for asthma)ആഹ്വാനം ചെയ്തിട്ടുള്ളത്.

ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസ നാളിയെ ബാധിക്കുന്ന ഒരു അലർജി എന്നു തന്നെ പറയാം ആസ്ത്മയെ. ശ്വാസനാളത്തിലുണ്ടാവുന്ന നീർവീക്കമാണ് ആസ്ത്മയായി പരിണമിക്കുന്നത്. ഈ രോഗാവസ്ഥയ്ക്ക് പ്രത്യേകിച്ച് കാലമോ സമയമോ ഇല്ലെങ്കിലും ശൈത്യകാലത്ത് ആസ്ത്മ ശക്തി പ്രാപിക്കുന്നതായി കണ്ടുവരുന്നുണ്ട്.
ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ മുഴുവൻ ബാധിക്കുന്ന ജനിതകമായ കാരണങ്ങൾ കൂടി ഈ രോഗാവസ്ഥയ്ക്ക് പിന്നിലുണ്ട്. പ്രധാനമായും അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതും, പാരമ്പര്യവുമാണ് ആസ്ത്മയുടെ പ്രധാന കാരണങ്ങൾ. അന്തരീക്ഷത്തിലെ പല ഘടകങ്ങളും ആസ്തയ്ക്കു കാരണമാവുകയോ സ്വാധീനിക്കുകയോ ചെയ്യും. പക്ഷേ ശ്രദ്ധയും നിയന്ത്രണവും ഒപ്പം കൃത്യമായ ചികിത്സയും ഉണ്ടെങ്കിൽ എന്നും ഒപ്പമുള്ള ഈ രോഗത്തോട് പൊരുതി നിൽക്കാനാകും.

ആസ്ത്മയുടെ ലക്ഷണങ്ങൾ

 • കൂടെക്കൂടെ ഉണ്ടാവുന്ന ചുമ,
 • ശ്വാസതടസ്സം,
 • ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക
 • വലിവ്,
 • തുടർച്ചയായുള്ള ശ്വസനേന്ദ്രിയ അണുബാധ
 • മേൽപ്പറഞ്ഞ ലക്ഷണങ്ങൾ തണുപ്പ്, പുക, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോൾ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാണ്. കരച്ചിൽ, ചിരി, ദേഷ്യം, ഭയം,തുടങ്ങിയ തീവ്രവികാരങ്ങൾ ഉണ്ടാകുമ്പോഴും ആസ്ത്മ ലക്ഷണങ്ങൾ കൂടിയേക്കാം.
 • എന്നാൽ ആസ്ത്മയുടെ ഒരു ലക്ഷണം മാത്രമാണ് ശ്വാസതടസ്സം. എല്ലാ ശ്വാസതടസ്സ പ്രശ്നങ്ങളും ആസ്തമയുടേത് ആവണമെന്നില്ല. ഹൃദയ സംബന്ധിയായ പ്രശ്നങ്ങൾ കൊണ്ടോ, വിളർച്ച പ്രശ്നങ്ങൾ ഉള്ളവർക്കോ അമിതഭാരം ഉള്ളവർക്കോ ശ്വാസതടസം ഉണ്ടായെന്ന് വരാം. കൃത്യമായ പരിശോധനകളിലൂടെ ഇത് തിരിച്ചറിയുന്നതാണ് ഉചിതം.

ആസ്ത്മയും ചികിത്സയും

പ്രധാനമായും രണ്ടു തരം മരുന്നുകളാണ് ആസ്ത്മ ചികിത്സയിൽ ഉപയോഗിക്കുന്നത്.

 • റിലീവറുകൾ -അടിയന്തര ഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾക്കു ആശ്വാസം നല്കുന്നവ
 • കൺട്രോളറുകൾ -രോഗലക്ഷണങ്ങൾ വരാതെ തടയുന്നവ

രോഗത്തിന്റെ തീവ്രത അനുസരിച്ച് പലവിധ ഗുളികകളും സിറപ്പുകളും നിലവിലുണ്ടെങ്കിലും ആസ്ത്മ ചികിത്സാരംഗത്ത് ഏറ്റവും നിർണായകമായ വഴിത്തിരിവാണ് ഇൻഹേലറുകളുടെ ആവിർഭാവം.

ഗുളിക/സിറപ്പ് രൂപത്തിൽ ആവശ്യമുള്ളതിന്റെ 1/20 അളവ് (ഇരുപതിലൊരംശം) മരുന്ന് മാത്രമേ ഇൻഹേലർ ഉപയോഗിക്കുമ്പോൾ ആവശ്യമുള്ളൂ. കുട്ടികളിൽ ഇത് തികച്ചും സുരക്ഷിതമാണ്. ശ്വാസനാളികളിലും, ശ്വാസകോശത്തിലും മരുന്ന് നേരിട്ടെത്തിക്കാൻ ഇതുവഴിസാധിക്കുന്നു. കൃത്യമായ അളവിൽ ഉപയോഗിച്ചാൽ ഇതിന് യാതൊരു പാർശ്വഫലങ്ങളുമില്ല.
ഇൻഹേലർ ചികിത്സ പ്രധാനമായും 3 തരത്തിലുള്ള ഉപകരണങ്ങൾ കൊണ്ടാണ് ചെയ്യുന്നത്.

 1. മീറ്റേർഡ് ഡോസ് ഇൻഹേലർ: സ്പ്രേ രൂപത്തിൽ മരുന്ന് ഉപയോഗിക്കുന്നു. ചെറിയകുട്ടികളിൽ ഇതിനൊടൊപ്പം സ്പേസർ എന്ന ഉപകരണവും ഫേസ്മാസ്ക്കും വേണ്ടി വരും.
 2. ഡ്രൈ പൗഡർ ഇൻഹേലർ: പൊടിരൂപത്തിലുള്ള മരുന്ന് ക്യാപ്സ്യൂളുകളിൽ നിറച്ച് ഉപയോഗിക്കുന്നു. കുറച്ച് മുതിർന്ന കുട്ടികൾക്കേ ഇത് ഉപയോഗിക്കാനാകൂ.
 3. നെബുലൈസർ:വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം മരുന്നിനെ സൂക്ഷ്മതന്മാത്രകളാക്കി മാറ്റി ശ്വാസകോശത്തിൽ എത്തിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ ശ്വാസതടസ്സം മാറ്റാൻ ഏറെ ഫലപ്രദമാണിത്.

ആസ്ത്മയെ പ്രതിരോധിക്കാം

ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളാണ് അലർജനുകൾ. പൊടി, പുക ഇവയാണ് പ്രധാനവില്ലന്മാർ.

 • ആസ്ത്മയുള്ളവരുടെ കിടപ്പുമുറിയിൽ നിന്നും പഴയപുസ്തകങ്ങൾ കട്ടിയുള്ള കർട്ടനുകൾ, കാർപ്പറ്റ്, അലമാര എന്നിവ ഒഴിവാക്കുക.
 • മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കിയശേഷം, നേർത്ത റെക്സിൻകൊണ്ട് കവർതയ്പിച്ച് ഇടുക. തുന്നിയ സ്ഥലത്ത് പ്ളാസ്റ്റർ ഒട്ടിച്ച് ഭദ്രമാക്കുക.
 • ആഴ്ചയിൽ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.
 • പുകവലി ഒഴിവാക്കുന്നത് മാത്രമല്ല അത്തരക്കാരുടെ സാമിപ്യവും ഒഴിവാക്കുക.
 • പട്ടി, പൂച്ച എന്നിവയെ കഴിവതും വീട്ടിനുള്ളിൽ നിന്നും ഒഴിവാക്കുക.
ഭക്ഷണത്തിനും വേണം ശ്രദ്ധ
 • എരിവ്, പുളി എന്നിവ കൂടിയ ഭക്ഷണങ്ങൾ.
 • കൃത്രിമ നിറം, കൃത്രിമ മധുരം, പ്രിസർവേറ്റീവ്സ് എന്നിവ കൂടിയ അളവിലുള്ള ഭക്ഷണങ്ങൾ
 • തണുപ്പ് വളരെ കൂടുതലുള്ളഭക്ഷണങ്ങൾ

എന്നിവ മിതമായി മാത്രം ഉപയോഗിക്കുക.

 • പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.

നേരത്തെയുള്ള രോഗനിർണയം, കൃത്യമായ ചികിത്സ, ഒരല്പം ശ്രദ്ധ, ആസ്ത്മയെ നമുക്ക് അനായാസം പൊരുതി തോല്പിക്കാം

അസ്ത്മയും കോവിഡ് രോഗവും-ശ്രദ്ധിക്കേണ്ട വസ്‌തുതകൾ
 • ആസ്മ ഉള്ള കുട്ടികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ കൃത്യമായി തുടരുവാൻ ശ്രദ്ധിക്കുക
 • നിർദ്ദേശിച്ച ഡോസിൽ ഇൻഹേലർ മരുന്നുകൾ തുടരുന്നതിനു യാതൊരു തടസ്സവുമില്ല
 • ആശുപത്രികളിൽ നെബുലൈസർ ഉപയോഗം പരമാവധി കുറയ്ക്കുക കാരണം ഇവയിലൂടെ രോഗവ്യാപനത്തിന് സാധ്യതയുണ്ട്
 • അതിനുപകരമായി വ്യക്തിഗതമായി സ്പേസ് റോഡ് കൂടി ഇൻഹെയ്‌ലർകൾ ഉപയോഗിക്കാം.
 • രോഗനിർണയത്തിന് ഉപയോഗിക്കുന്ന സ്പൈറോമെട്രി ടെസ്റ്റ് ഈ കാലഘട്ടത്തിൽ തീർച്ചയായും ഒഴിവാക്കേണ്ടതാണ്.
 • സ്പേസറുകളും, ഇൻഹേലർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും ഡോക്ടറുടെ നിർദ്ദേശാനുസരണം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക
 • ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകുവാനും, സാമൂഹിക അകലം അകലം പാലിക്കുവാനും ശ്രദ്ധിക്കുക.

ഭയപ്പെടേണ്ട രോഗമല്ല ആസ്ത്മ .

നേരത്തേയുള്ള രോഗനിർണയം, കൃത്യമായ ചികിത്സ, അലർജൻ ഒഴിവാക്കൽ എന്നിവ വഴി ഫലപ്രദമായി ആസ്ത്മ നിയന്ത്രിക്കാം.

World Asthma day – Dr. Bennet Xylem President IAP TVM

Previous article

താലസീമിയയെ കുറിച്ചു അറിഞ്ഞിരിക്കേണ്ടത് ….

Next article

You may also like

Comments

Leave a reply

Your email address will not be published. Required fields are marked *