Pancreas transplant
HealthInhaled insulation treatmentPancreas transplant

ഇന്‍ഹേല്‍ഡ് ഇന്‍സുലിനും പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റേഷനുമൊക്കെ എന്നാണ് ഇവിടെയൊക്കെ വരുക?

ഡോ. എം.വിജയകുമാര്‍
പ്രൊഫസർ & ശിശുരോഗ വിഭാഗം മേധാവി
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, മഞ്ചേരി

പത്തുകൊല്ലം മുമ്പുള്ള ഒരു ഡ്യൂട്ടി ദിവസം. കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് കാഷ്വാലിറ്റിയിൽ ഇരിക്കുകയായിരുന്നു.

ആംബുലൻസിൽ ഒരു പത്തുവയസ്സുകാരനെ കൊണ്ടുവന്നു. വിഷ്ണു എന്നാണ് പേര്. കഠിനമായ വയറുവേദനയാണ്.

ഇഞ്ചക്ഷൻ കൊടുത്തിട്ടും മാറുന്നില്ല. മാനന്തവാടിയിൽ നിന്ന് റഫർ ചെയ്തു വന്നതാണ്. രോഗിയെ പരിശോധിക്കുന്ന പി.ജി. സ്റ്റുഡന്റ് ‘അക്യൂട്ട് അബ്ഡൊമൻ’ ആണെങ്കിൽ കുട്ടികളുടെ സർജറി വിഭാഗത്തിലേക്ക് ഒരു കൺസൾട്ടേഷൻ അയക്കാൻ പറഞ്ഞു. ‘കുട്ടിക്ക് നല്ല ഡീഹൈഡ്രേഷൻ ഉണ്ട്, സർ’ എന്ന് പി.ജി. സ്റ്റുഡന്റ് പറഞ്ഞപ്പോൾ ഉടൻ ചെന്നുനോക്കി.

ശരിയാണ്, നിർജലീകരണത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. ശ്വാസ്വോച്ഛാസ നിരക്കും വളരെ കൂടുതലാണ്.

വിഷ്ണുവിനെ ഉടൻ തന്നെ ഐ.സി.യു.വിൽ അഡ്മിറ്റ് ചെയ്തു. ഡ്രിപ്പ് നൽകിത്തുടങ്ങി. രക്ത പരിശോധനയ്ക്കും അയച്ചു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ലബോറട്ടറിയിൽ നിന്ന് ഒരു ഫോൺ വന്നു. ‘സാർ പേഷ്യന്റിന്റെ ബ്ലഡ് ഗ്ലൂക്കോസ് 360 മില്ലിഗ്രാം ഉണ്ട്’. അപ്പോഴാണ് ‘കത്തിയത്’. ഡയബെറ്റിക് കീറ്റോ അസിഡോസിസ് (Diabetic ketoacidosis).

ഉടൻ തന്നെ ഇൻസുലിൻ ഡ്രിപ്പ് ആരംഭിച്ചു. ഒന്നുരണ്ടു ദിവസങ്ങൾക്കകം രോഗാവസ്ഥ ഭേദമായതിനെ തുടർന്ന് വിഷ്ണുവിനെ ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റി.

ഇൻസുലിൻ കൊടുക്കുന്നതിനെ കുറിച്ചും ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് രക്തം ഇടവിട്ട് പരിശോധിക്കുന്നതിനെക്കുറിച്ചും വാർഡിൽ വെച്ച് അവനും അമ്മയ്ക്കും വിശദീകരിച്ചു കൊടുക്കുമ്പോഴായിരുന്നു അവന്റെ ആദ്യത്തെ ചോദ്യം ‘എനിക്ക് ഇനി സ്കൂളിൽ പോകാൻ പറ്റുമോ?’ അവന്റെ അമ്മ കരച്ചിലടക്കി കൊണ്ടു പറഞ്ഞു. ‘അവൻ പഠിത്തത്തിൽ മിടുക്കനാണ്.

അവന്റെ ടീച്ചർ ഇന്നലെ കാണാൻ വന്നിരുന്നു. ഇൻസുലിൻ ഇഞ്ചക്ഷൻ ഇനി ജീവിതകാലം മുഴുവൻ എടുക്കേണ്ടിവരുമെന്ന് ടീച്ചറോട് പറഞ്ഞപ്പോൾ അവന്റെ പഠിത്തം ഇനി എന്താവുമെന്ന് ടീച്ചർ ചോദിച്ചു.

അതുകൊണ്ട് ചോദിക്കുകയാണ്’. ‘പഠിത്തത്തിന് ഒരു കുഴപ്പവുമുണ്ടാകില്ല. ഇവിടെ പഠിക്കുന്ന ഒരു ഡോക്ടർക്കു തന്നെ ടൈപ്പ് വൺ പ്രമേഹമുണ്ടല്ലോ’ എന്ന് ഞാൻ തിരിച്ചുപറഞ്ഞു.

‘എനിക്കിനി ഫുട്ബോൾ കളിക്കാൻ പറ്റുമോ?’ എന്നായിരുന്നു അടുത്ത ചോദ്യം. ഇൻസുലിൻ ഇഞ്ചക്ഷൻ കൃത്യമായി എടുക്കുകയും ചിട്ടയായ ഭക്ഷണക്രമങ്ങൾ പാലിക്കുകയും ഇടയ്ക്കിടക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുകയും ചെയ്താൽ ഏത് കളിയിൽ ഏർപ്പെടുന്നതിനും ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഞാൻ മറുപടിയും പറഞ്ഞു. പിന്നെ അവൻ ഒന്നും മിണ്ടിയില്ല.

പത്തുദിവസം കഴിഞ്ഞ് അവനെ ഡിസ്ചാർജ് ചെയ്തു. തുടർന്ന് പരിശോധനയ്ക്ക് വന്നവേളയിൽ അവന്റെ ഇൻസുലിന്റെ അളവ് വളരെ കുറയ്ക്കുവാൻ സാധിച്ചു.

‘നിന്റെ പാൻക്രിയാസ് ഇപ്പോൾ ഹണിമൂൺ ഫേസിലാണെന്നും അതുകൊണ്ടാണ് ഇൻസുലിന്റെ അളവ് ഇത്രയും കുറയ്ക്കുവാൻ കഴിഞ്ഞതെന്നും പിന്നെ നീ നിന്റെ ഭക്ഷണക്രമങ്ങളെല്ലാം ചിട്ടയായി പാലിച്ചതുകൊണ്ടുകൂടിയാണ് നിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നോർമലായി നിൽക്കുന്നതെന്നും അവന്റെ ചുമലിൽ തട്ടി അഭിനന്ദിച്ചു പറഞ്ഞപ്പോൾ അവൻ ആദ്യമായി ഒന്നു പുഞ്ചിരിച്ചു.

രണ്ടാഴ്ച കൂടി കഴിഞ്ഞു. ഒരു ദിവസം വാർഡിൽ റൗണ്ട്സ് എടുത്തുകൊണ്ട് നിൽക്കുമ്പോൾ ഐ.സി.യുവിലെ ഡോക്ടർ എന്നെ വിളിച്ചു. ‘നമ്മുടെ വിഷ്ണുവിനെ വീണ്ടും അഡ്മിറ്റ് ചെയ്തു. അവൻ വീണ്ടും ഡയബെറ്റിക് കീറ്റോ അസിഡോസിസിലാണ് എത്തിയത്. കണ്ടീഷൻ അല്പം ക്രിട്ടിക്കൽ ആണ്’.

ഉടൻ തന്നെ ഐ.സി.യു.വിൽ ചെന്നപ്പോൾ അബോധാവസ്ഥയിലായിരുന്നു വിഷ്ണു. വിശദാംശങ്ങൾ ചോദിച്ചപ്പോൾ അമ്മ വിതുമ്പി.

‘ഡോക്ടറേ, ഒരു തെറ്റുപറ്റി. നാട്ടുകാരെല്ലാം പറഞ്ഞ് ഞങ്ങൾ അവനെ ഒരു പച്ചമരുന്നു ചികിത്സകന്റെ അടുത്തുകൊണ്ടുപോയി. അയാൾ ചില പച്ചമരുന്നുകൾ തന്നു. ഇൻസുലിൻ നിർത്തിക്കോളാനും പറഞ്ഞു. ഇൻസുലിൻ നിർത്തിയിട്ട് ഇന്നേക്ക് രണ്ടു ദിവസമേ ആയുള്ളൂ’.

കുറച്ചു ദിവസങ്ങൾക്കകം വിഷ്ണു വീണ്ടും നോർമലായി. അവനെ വീണ്ടും ഡിസ്ചാർജ് ചെയ്തു. അതിനുശേഷം അവൻ കൃത്യമായി ഇൻസുലിൻ എടുക്കാനും പരിശോധനയ്ക്ക് വരാനും തുടങ്ങി. ആയിടക്കാണ് പ്രമേഹരോഗമുള്ള കുട്ടികളുടെ കൂട്ടായ്മ മെഡിക്കൽ കോളേജിൽ തുടങ്ങിയത്.

അവൻ എല്ലാ പരിപാടികളിലും എന്റെ വലംകൈയായി നിന്നു. അവനോട് ഒന്നും പറഞ്ഞു കൊടുക്കേണ്ട. എന്താണ് ചെയ്യേണ്ടതെന്ന് അവന് കൃത്യമായ ബോധമുണ്ടായിരുന്നു. മികച്ച സംഘാടക മികവുമുണ്ടായിരുന്നു അവന്.

പതിനഞ്ചു വയസ്സായപ്പോഴേക്കും അവന്റെ സന്ദർശനം കുറഞ്ഞുവന്നു. ഒരിക്കൽ അവൻ വിളിച്ചു. ‘ഞാൻ മാനന്തവാടിയിൽ തന്നെ പ്ലസ് ടുവിന് ചേർന്നു. ഇപ്പോൾ അവിടെ തന്നെ ഒരു ഡോക്ടറെ കാണിക്കുന്നുണ്ട്. ഇൻസുലിൻ ഇഞ്ചക്ഷൻ മുടങ്ങാതെ ചെയ്യുന്നുണ്ട്. ഇപ്പോൾ പഠിത്തത്തിന്റെ തിരക്കിലാണ്.

അതുകൊണ്ടാണ് കോഴിക്കോട്ടേക്ക് ഇടക്കിടെ വരാൻ സാധിക്കാത്തത്. കളിയൊക്കെ കുറച്ചു.’ ഞാനും സമ്മതിച്ചു. ‘നീ അവിടെ തന്നെ കാണിച്ചുകൊള്ളൂ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വന്നാൽ മതി’ എന്ന മറുപടിയും കൊടുത്തു. ക്രമേണ അവൻ വരാതായി.

മൂന്നുകൊല്ലം കടന്നുപോയി. ഒരു ദിവസം ഞാൻ വാർഡിൽ റൗണ്ട്സ് എടുക്കുകയാണ്. പോസ്റ്റ് അഡ്മിഷൻ ഡേ ആയതിനാൽ കുറെയധികം കുട്ടികളെ പരിശോധിക്കാനുണ്ട്. അതുകൊണ്ട് റൗണ്ട്സ് തീരാൻ സമയം പിടിക്കും.

അപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്, വാർഡിന് പുറത്ത് നിൽപുണ്ട് വിഷ്ണുവും മാതാപിതാക്കളും. അവൻ ഉയരം വെച്ചിരിക്കുന്നു. പൊടി മീശയും താടിയുമൊക്കെയുണ്ട്. പ്രസന്നവദനനായിട്ടാണ് അവന്റെ നിൽപ്പ്. വാർഡിലേക്ക് വരാൻ ആംഗ്യം കാട്ടിയപ്പോൾ അവൻ പറഞ്ഞു. ‘വേണ്ട, പേഷ്യന്റ്സ് കഴിഞ്ഞിട്ടുമതി’.

രോഗികളുടെ തിരക്കൊഴിഞ്ഞപ്പോൾ അവൻ വന്നു. മാതാപിതാക്കളും ഒപ്പം ഉണ്ട്. വന്നയുടൻ തന്നെ വലിയ ഒരു പൊതി അവൻ എന്റെ കൈയിൽ തന്നു. ”സാർ, ഇത് മിഠായിയാണ്. എനിക്കിതു കഴിക്കാൻ പറ്റില്ല. സാറും മറ്റു സാറന്മാരും സ്റ്റുഡന്റ്സും നഴ്സുമാരും കഴിക്കണം. പിന്നെ വാർഡിലെ എല്ലാ കുട്ടികൾക്കും കൊടുക്കണം’.
‘എന്താ വിഷ്ണു ഇത്ര വലിയ സന്തോഷം’ ഞാൻ ചോദിച്ചു.
‘എനിക്ക് എം.ബി.ബി.എസിന് കിട്ടി സാർ, സാർ ഇവിടെയുള്ളതുകൊണ്ട് ഞാൻ മറ്റൊന്നും ആലോചിച്ചില്ല. ഞാൻ കോഴിക്കോട്ട് തന്നെ ഓപ്ഷനും കൊടുത്തു’-വിഷ്ണു പറഞ്ഞു.

‘സാർ പണ്ടു പറഞ്ഞില്ലേ, ഈ അസുഖം വന്നവർ ഡോക്ടർമാർ വരെ ആയിട്ടുണ്ടെന്ന്. അന്ന് തുടങ്ങിയതാണ് അവന് ഡോക്ടർ ആകാൻ മോഹം. പിന്നെ അവൻ നന്നായി പഠിക്കാൻ തുടങ്ങി’- അച്ഛൻ മുഴുമിച്ചു.

മറ്റു സഹപ്രവർത്തകരെല്ലാം വിഷ്ണുവിനെ അനുമോദിക്കുമ്പോൾ ഞാൻ വിഷ്ണുവിനെ തന്നെ നോക്കി നിൽപ്പായിരുന്നു. മനസ്സിന് വളരെ സന്തോഷം തോന്നിയ ഒരു അവസ്ഥ. ഈ രോഗാവസ്ഥയിലും അവൻ അവന്റെ ലക്ഷ്യത്തിലെത്താനുള്ള മനസ്സിന്റെ ഏകാഗ്രത കൈവിട്ടില്ലല്ലോ. അവന്റെ കൈകൾ എന്റെ കാലിൽ തട്ടിയപ്പോഴാണ് ഞാനൊന്നുണർന്നത്. ഞാൻ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു.

അവന്റെ അഡ്മിഷൻ സമയത്ത് അവന്റെയും മാതാപിതാക്കളുടെയും ഒപ്പം അല്പസമയം ചിലവഴിക്കാനും കോഫി ഹൗസിൽ നിന്ന് അവർക്കൊപ്പം കാപ്പി കഴിക്കാനും എനിക്ക് അവസരമുണ്ടായി.

രണ്ടു മാസത്തിനു ശേഷം അവനെന്നെ ഫോണിൽ വിളിച്ചു. ‘സാർ ഞാൻ ഇന്റർ മെഡിക്കോസ് ഫുട്ബോൾ മാച്ചിൽ പങ്കെടുക്കാൻ പോയ്ക്കോട്ടെ’. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അല്പം കൂടുതലാണ്. ഇൻസുലിൻ അഡ്ജസ്റ്റ് ചെയ്യാൻ ഞാൻ സാറിന്റെ റൂമിലേക്ക് വന്നോട്ടെ?’

അൽപസമയത്തിനുള്ളിൽ അവൻ വന്നു. ഒരു വെള്ളക്കോട്ടുമിട്ട്. സംസാരത്തിനിടയ്ക്ക് എന്റെ മേശപ്പുറത്തു വെച്ചിരുന്ന ഒരു ഡയബെറ്റിക് ജേർണൽ അവൻ മറച്ചുനോക്കിക്കൊണ്ടിരുന്നു. പിന്നെ എന്നോടു ചോദിച്ചു.

‘സാർ, ഇൻഹേൽഡ് ഇൻസുലിനും പാൻക്രിയാസ് ട്രാൻസ്പ്ലാന്റേഷനുമൊക്കെ എന്നാണ് ഇവിടെയൊക്കെ വരാൻ പോകുന്നത്? ‘ഞാൻ പറഞ്ഞു. ‘അടുത്തു തന്നെ വരാൻ മതി. നീ വലുതാകുമ്പോൾ ഡയബറ്റിക്സിലെ നൂതന ചികിത്സാരീതികളെക്കുറിച്ച് റിസർച്ച് ചെയ്യണം’.

‘എനിക്കും അതാണ് സാർ താല്പര്യം. പ്രമേഹ ചികിത്സയിൽ എന്തെങ്കിലും ഒരു പുതിയ ചികിത്സാരീതി എനിക്ക് കണ്ടുപിടിക്കണം’ പുസ്തകത്തിന്റെ താളുകൾ ആവേശത്തോടെ മറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന വിഷ്ണുവിനെ ഞാൻ നിർന്നിമേഷനായി നോക്കിയിരുന്നുപോയി.

കോവിഡിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ ഉടന്‍ എത്തുമോ

Previous article

കോവിഡ് ഭീതിയോടൊപ്പം മൺസൂൺ ഇങ്ങെത്തി. അതോടൊപ്പംമഴക്കാലരോഗങ്ങളും .

Next article

You may also like

Comments

Leave a reply

Your email address will not be published. Required fields are marked *