Most Common Illnesses Children Suffer from During Rainy Season
Health

കോവിഡ് ഭീതിയോടൊപ്പം മൺസൂൺ ഇങ്ങെത്തി. അതോടൊപ്പംമഴക്കാലരോഗങ്ങളും .

Dr Dhanya Chandran
Pediatrician & Medical Officer
PHC Peringalam
Secretary IAP Thalassery

മുതിർന്നവരെപ്പോലെ കുട്ടികളിലും പകർച്ചവ്യാധികൾ കൂടുതലായി കാണപ്പെടുന്ന സമയമാണിത് .

ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നതും ,വെള്ളം കെട്ടിക്കിടന്നു കൊതുക് പെറ്റുപെരുകുന്നതും ഈർപ്പം തങ്ങിനിൽക്കുന്ന കാലാവസ്ഥയും ഒക്കെ തന്നെ ഇതിനു കാരണമാകുന്നു.

പരിസരശുചിത്വത്തിലും വ്യക്തിശുചിത്വത്തിലും കൂടുതൽ ശ്രദ്ധ നൽകുന്നതു വഴി ഒരു പരിധി വരെ രോഗപ്പകർച്ച തടയാൻ കഴിയും. 

 മഴക്കാലം വന്നെത്തുമ്പോൾ തന്നെ ജലദോഷവും വൈറൽ പനിയും ചുമയും കുട്ടികളിൽ കാണാൻ തുടങ്ങും .

വായുവിൽ കൂടിയാണ് ഇവിടെ രോഗം പകരുന്നത്.

രോഗം ഉള്ള വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ വായുജലകണികകൾ അന്തരീക്ഷത്തിൽ കലരുകയും അതുമായി സമ്പർക്കം വരുന്ന കുട്ടികൾക്ക് രോഗപ്പകർച്ച ഉണ്ടാകുകയും ചെയ്യുന്നു.

ഭൂരിഭാഗം കുട്ടികളിലും  വൈറൽ അണുബാധ നിരപകടകാരിയാണ്.കാര്യമായ ചികിത്സ വേണ്ടി വരാറില്ല. 

 കുട്ടികളിൽ ശ്വാസകോശഅണുബാധയും മഴക്കാലത്തു കൂടുതലായി കണ്ടു വരുന്നു .

ശക്തമായ പനി ,ചുമ  ,കൂടുതൽ പ്രാവശ്യം ആയാസപ്പെട്ട് ശ്വസിക്കുക ,ശ്വാസതടസ്സം എന്നിവ ഉണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.

ഈ കോവിഡ് കാലത്തു മാസ്കിന്റെയും സാനിറ്റൈസറുകളുടെയും ശരിയായ ഉപയോഗം ഒരു പരിധി വരെ വായുജന്യരോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു .

അതു പോലെ ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായയും മൂടുക,കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക,എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം. 

 Influenza ,Pneumoccal ,Hib വാക്‌സിനുകളും  പ്രസ്തുത  ശ്വാസകോശ അണുബാധകളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്നു. 

കൊതുകുജന്യരോഗങ്ങളാണ്  ഡെങ്കിപ്പനി, മലേറിയ,ചിക്കുൻഗുനിയ എന്നിവ .

ഇതിൽ ഡെങ്കിപ്പനി മഴക്കാലത്തു കുട്ടികളിൽ വളരെ സാധാരണയായി കണ്ടു വരുന്നു .

ചുരുക്കം ചിലരിൽ ചിലപ്പോൾ  മാരകമാകാറുണ്ട് .ഡെങ്കി വൈറസ് ഉണ്ടാക്കുന്ന ഈ പനി ഈഡിസ് കൊതുകുകൾ വഴിയാണ് പകരുന്നത്.

സാധാരണ കൊതുകുകളിൽ നിന്ന് വ്യത്യസ്തമായി ചെറുതും പകൽസമയത് കാണുന്നതും നേരിയകറുപ്പും വെള്ളയും വരകളുള്ളതും ആണ് ഈഡിസ് കൊതുകുകൾ.

ഇവയ്ക്കു മുട്ടയിടാനും പെറ്റുപെരുകാനും ഒരു ഔൺസ് വെള്ളം മാത്രം മതി .

അതുപോലെ 100 മീറ്ററിലധികം ഇവ പറക്കാനുള്ള സാധ്യതയും കുറവാണ് .രോഗബാധയുണ്ടായി 6 -10  ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങും .

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ – 

1 ) കടുത്ത പനി ,തലവേദന 

2 )ശരീരവേദന -പേശികളിലും ,സന്ധികളിലും 

3 )വയറുവേദന 

4 )വയറിളക്കം

5 )ഛർദി 

6 )കടുത്ത ക്ഷീണം

7 )ദേഹത്തു ചുമന്ന പാടുകൾ                                                                                

8 )കണ്ണിനു പുറകിലുള്ള വേദന   

9 ) മോണയിൽ നിന്നും  മൂക്കിൽ നിന്നും രക്തം പൊടിയുക                                                                                                                                                                                                                      

 രോഗം മൂർച്ഛിക്കുമ്പോൾ കരൾ, തലച്ചോറ് ,വൃക്കകൾ തുടങ്ങിയ  പ്രധാന അവയവങ്ങളെ ബാധിക്കുകയും മരണത്തിനു തന്നെ കാരണമാകുകയും ചെയ്യുന്നു.

ഡെങ്കിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം –

1 ) വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക 

2) വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക 

3 )പ്ലാസ്റ്റിക് കുപ്പികൾ ,ചിരട്ട ,ടയർ ,കളിപ്പാട്ടങ്ങൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത് .അതിൽ വെള്ളം കെട്ടിനിന്ന് കൊതുകിനു പ്രജനനകേന്ദ്രമാകുന്നു  

4 )ഫ്രിഡ്‌ജിന്‌ അടിയിലുള്ള ട്രേ ,പൂച്ചട്ടികൾ ,ടെറസ്സിന്റെ ഷേഡുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കണം 

5 )കുട്ടികൾക്ക് ശരീരം മൂടുന്ന വസ്ത്രം ധരിപ്പിക്കുക 

6)കൊതുകുവല ,കൊതുകുനിവാരണ ലേപനങ്ങൾ എന്നിവ  ഉപയോഗിക്കുക 

7 )ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുക 

ഡെങ്കിപ്പനി വന്ന ആൾക്ക് പിന്നെയും ഡെങ്കി വരാം .രണ്ടാമത് വരുമ്പോൾ കൂടുതൽ ഗുരുതരമാകാനാണ് സാധ്യത .

എലിപ്പനി-

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ജന്തുജന്യരോഗമാണ് എലിപ്പനി.

പേരു സൂചിപ്പിക്കുന്നത് പോലെ എലികളും മറ്റു വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും രോഗപ്പകർച്ചയുണ്ടാക്കുന്നു .

രോഗാണുക്കൾ കലർന്ന മൃഗമൂത്രമോ ,മൃഗമൂത്രം കലർന്ന വെള്ളമോ മനുഷ്യരുടെ ശരീരത്തിലുള്ള മുറിവുകളുമായി സമ്പർക്കം വരുന്ന വഴിയാണ് അണുബാധ ഉണ്ടാകുന്നത് .കുട്ടികൾ മലിനജലത്തിൽ കളിക്കുന്നത് എലിപ്പനി പകരാൻ ഇടയാക്കുന്നു.

ലക്ഷണങ്ങൾ-

  • പനി 
  • വിറയൽ ,കടുത്ത ക്ഷീണം 
  • തലവേദന 
  • കണ്ണിനു ചുവപ്പു നിറം 
  • പേശിവേദന -പ്രത്യേകിച്ചു മുട്ടിനുതാഴെയുള്ള പേശികളിൽ വേദന 
  • മഞ്ഞപ്പിത്തം 

രോഗം ഗുരുതരമാകുമ്പോൾ കരൾ ,വൃക്ക ,എന്നീ അവയവങ്ങളെ ബാധിക്കുകയും മരണത്തിനുതന്നെ കാരണമാകുകയും ചെയ്യുന്നു.

പ്രതിരോധ മാർഗങ്ങൾ-

  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 
  • മാലിന്യം പൊതുയിടങ്ങളിൽ വലിച്ചെറിയരുത് ,ശരിയായ രീതിയിൽ സംസ്കരിക്കുക.
  • കുട്ടികൾ മലിന ജലത്തിൽ കളിക്കുന്നത് ഒഴിവാക്കുക. 
  • ഭക്ഷണ പദാർത്ഥങ്ങൾ അടച്ചുസൂക്ഷിക്കുക 
  • അഴുക്കുചാലുകൾ വൃത്തിയാക്കുന്നവരും കൃഷിക്കാരും കയ്യുറകളും കാലുറകളും ധരിക്കുക -പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ ആഴ്ചയിൽ ഒരു തവണ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും വാങ്ങി കഴിക്കുക .
  • തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.

ജലജന്യരോഗങ്ങളാണ് അടുത്തത് – 

വയറിളക്കം ,ഹെപ്പറ്റൈറ്റിസ്  ,ടൈഫോയിഡ് എന്നിവയാണു സാധാരണ കാണുന്ന ജലജന്യരോഗങ്ങൾ .ഹെപ്പറ്റൈറ്റിസ് പല വിഭാഗങ്ങൾ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് എ ,ഇ എന്നിവയാണ് മലിനജലത്തിൽ കൂടി പകരുന്നവ.

രോഗം പകരാനുള്ള കാരണങ്ങൾ-

  • രോഗാണുക്കൾ കലർന്ന മലിനമായ കുടിവെള്ളവും ഭക്ഷണവും ഉപയോഗിക്കുന്നതിലൂടെ, 
  • ശുചിത്വം ഇല്ലാത്ത വീടും പരിസരവും, 
  • വ്യക്തി ശുചിത്വത്തിൻ്റെ അഭാവം, 
  • തെറ്റായ ഭക്ഷണരീതികൾ, 
  • ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തത്. 

വയറിളക്കം-

മഴക്കാലത്താണ് വയറിളക്കം കുട്ടികളിൽ വ്യാപകമായി കാണപ്പെടുന്നത്..

ബാക്റ്റീരിയകളും വൈറസുകളും പരാദവിരകളും കുട്ടികളിൽ വയറിളക്കത്തിനു കാരണമാകാം.

ചിലപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നമാകുകയും  ,നിർജലീകരണം വന്നു മരണം വരെയും  സംഭവിക്കാം.

വയറിളക്കത്തിന്റെ  തുടക്കത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങണം നിര്ജ്ജലീകരണത്തിനു ഉത്തമവും ലളിതവുമായ ഔഷധമാണ് ഒ ആർ എസ്‌ ലായനി.

ഒ ആർ എസ്‌ നമ്മുടെ ശരീരത്തിനു നഷ്ടമായ ജലവും ലവണങ്ങളും തിരികെ നൽകുന്നു .

ഇത് കൂടാതെ വീട്ടിൽ ലഭ്യമായ കഞ്ഞിവെള്ളം ,നാരങ്ങാവെള്ളം ,ഉപ്പിട്ട മോരിൻവെള്ളം,  കരിക്കിൻ വെളളം എന്നിവയും നൽകാം 

 പാനീയ ചികിത്സയോടൊപ്പം സിങ്കും വയറിളക്കത്തിന് ഒഴിച്ചു കൂടാനാവാത്തതായി  ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടുണ്ട് .സിങ്ക് വയറിളക്കത്തിന്റെ  തീവ്രത കുറയ്ക്കുന്നതോടൊപ്പം അസുഖം വേഗത്തിൽ മാറുന്നതിനും സഹായിക്കുന്നു .

അപകടലക്ഷണങ്ങൾ –

  • അമിതമായ ദാഹം. 
  • മൂത്രത്തിൻറെ  അളവ് കുറയുക. 
  • മലത്തിൽ രക്തത്തിന്റെ അംശം.
  • കണ്ണുകൾ വരണ്ടതും കുഴിഞ്ഞതും ആവുക. 
  • അമിതമായ ക്ഷീണം.
  • നാവ് വറ്റി വരളുക. 

ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കേണ്ടതാണ് .

ഹെപ്പറ്റൈറ്റിസ് –

 ഹെപ്പറ്റൈറ്റിസ് എ യും,  ഇ യും ആണ് മലിനമായ ജലത്തിലൂടെ പകരുന്നത്.

ഇതിൽ ഹെപ്പറ്റൈറ്റിസ് എ ആണ് നമ്മുടെ നാട്ടിൽ കൂടുതലും മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. .

ലക്ഷണങ്ങൾ 

പനി ,അമിതമായ ക്ഷീണം ,ചർദ്ദി ,വിശപ്പില്ലായ്മ ,കണ്ണിനും മൂത്രത്തിനും മഞ്ഞനിറം .

രോഗാണുബാധ ഉണ്ടായാൽ 15  മുതൽ 45 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകാം.

സാധാരണ വൈറൽ അണുബാധ പോലെ ഈ വിഭാഗം ഹെപ്പറ്റൈറ്റിസിനും പ്രത്യേക ചികിത്സ ആവശ്യമില്ല .

രണ്ടു – മൂന്ന് ആഴ്ചകൾ  കൊണ്ട് തനിയെ ഭേദമാകുന്നതാണ് .വളരെ ചുരുക്കം പേർക്ക് മാത്രമേ മാരകമാകാറുള്ളു.

രോഗം കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കും പകർത്താതിരിക്കുക എന്നതാണ് പ്രധാനം .

ഹെപ്പറ്റൈറ്റിസ് എ യ്ക്കുള്ള പ്രതിരോധ വാക്‌സിൻ ഇപ്പോൾ ലഭ്യമാണ് .

ടൈഫോയിഡ് ,കോളറ എന്നിവയും ഇതേ പോലെ വൃത്തിഹീനമായ പരിസരം ,വെള്ളം ,ആഹാരം എന്നിവയിലൂടെ പകരുന്ന പകർച്ചവ്യാധികളാണ് .

ജീവിത നിലവാരത്തിലുണ്ടായ മാറ്റവും ,ജനങ്ങൾക്കിടയിലുള്ള അവബോധവും കാരണവും ഇത്തരത്തിലുള്ള രോഗങ്ങളിൽ ഗണ്യമായ കുറവുണ്ട് .

ജലജന്യരോഗങ്ങളിൽ നിന്നുള്ള പ്രതിരോധ മാർഗ്ഗങ്ങൾ- 

  • വ്യക്തിശുചിത്വം :

 ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക. 

കുഞ്ഞുങ്ങളുടെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക.

മലവിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക.        

  • ആഹാരശുചിത്വം :

ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കുക.  പഴകിയതും മലിനവുമായ ആഹാരം കഴിക്കാതിരിക്കുക.  കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാൽ ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക. വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്ന് പാനീയങ്ങളും ഭക്ഷണവും ഒഴിവാക്കുക. 

  • പരിസരശുചിത്വം :

തുറസ്സായ സ്ഥലത്തു മലമൂത്ര വിസർജനം ചെയ്യാതിരിക്കുക.  മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുക.  പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയരുത്. 

മേൽപ്പറഞ്ഞ പോലെ വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും സാമൂഹ്യശുചിത്വവും പാലിക്കുകയാണെങ്കിൽ നമ്മുടെ കുഞ്ഞുങ്ങളെ മഴക്കാലരോഗങ്ങളിൽ നിന്ന്  അകറ്റി നിർത്താൻ കഴിയും.

ഇന്‍ഹേല്‍ഡ് ഇന്‍സുലിനും പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റേഷനുമൊക്കെ എന്നാണ് ഇവിടെയൊക്കെ വരുക?

Previous article

ഓ ആർ എസ് എന്ന അത്ഭുത മരുന്ന്

Next article

You may also like

Comments

Leave a reply

Your email address will not be published. Required fields are marked *